കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം

എച്ച്   സുധീര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ലാതെ വന്നതോടെ ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുള്ളത്. ഇതുപ്രകാരം നവംബര്‍ 30ന് ലഭിക്കേണ്ട ശമ്പളമാണ് ഇതുവരെ നല്‍കാത്തത്. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മാനേജ്‌മെന്റും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും തയ്യാറായിട്ടില്ലെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.
ശമ്പളം വൈകിയെന്നത് ശരിയാണെന്നു സിഎംഡി എ ഹേമചന്ദ്രന്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയാണ് ശമ്പളം വൈകാന്‍ കാരണമായത്. ഇതുമറികടക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണ്. രണ്ടുമൂന്നു ദിവസത്തിനകം പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തേജസിനോട് പ്രതികരിച്ചു.
ഇതിനുപുറമെ, വിരമിച്ച തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചു മാസമായി. മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ സിഎംഡിയോട് ചോദിക്കാനാണ് പറഞ്ഞതെന്നും ഇവര്‍ പറയുന്നു. സിഎംഡി ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം 20ന് ശമ്പളം നല്‍കാന്‍ പ്രതിസന്ധിയുണ്ടാവുമെന്നു ചൂണ്ടിക്കാട്ടി സിഎംഡി എ ഹേമചന്ദ്രന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ കത്തിന്‍മേല്‍ ഒരു തീരുമാനവും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിലവില്‍ ഗതാഗത വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തിട്ടുപോലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നത് ക്രൂരതയാണെന്നാണ് യൂനിയനുകളുടെ നിലപാട്. ഇതിനെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, തൊഴിലാളിവിരുദ്ധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന എഐടിയുസി, സിഐടിയു യൂനിയനുകള്‍ സമ്മര്‍ദത്തിലാണ്.
മുഖ്യമന്ത്രിക്കെതിരേ എങ്ങനെ പ്രതിഷേധിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. തോമസ് ചാണ്ടിയും ശശീന്ദ്രനും ഗതാഗത മന്ത്രിയായിരിക്കെ വ്യാപകമായ സമരങ്ങളാണ് എഐടിയുസിയുടെ നേതൃത്വത്തില്‍ നടന്നിരുന്നത്. അതിനിടെ, തന്നെ എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും സൂചനയുണ്ട്. 30 ദിവസം ജോലി ചെയ്തവര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ തനിക്ക് തുടരാന്‍ കഴിയില്ല. സര്‍ക്കാര്‍ സഹായമില്ലാതെ ഇനിയങ്ങോട് മുന്നോട്ട് പോവാനാവില്ല. അതിനു കഴിയില്ലെങ്കില്‍ തന്നെ ഒഴിവാക്കണം എന്നാണ് കത്തിന്റെ ഉള്ളടക്കമെന്നാണ് ലഭ്യമായ വിവരം.
ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പിച്ചതില്‍ യൂനിയനുകള്‍ അതൃപ്തിയിലാണ്. ഇതിനുപുറമെ, ശമ്പളവും പെന്‍ഷനും ഇല്ലാതെവന്നതും ജീവനക്കാര്‍ക്ക് ഇരുട്ടടിയായി. ഒരുമാസം ശമ്പളം നല്‍കാന്‍ 70 കോടിയും പെന്‍ഷന്‍ നല്‍കാന്‍ 60 കോടിയുമാണ് കോര്‍പറേഷനു വേണ്ടത്.
Next Story

RELATED STORIES

Share it