Flash News

കെഎസ്ആര്‍ടിസിഒരു വര്‍ഷത്തിനകം ലാഭത്തിലാക്കും: ഗതാഗതമന്ത്രി



തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞു. 2018 ജനുവരി മുതല്‍ ഒന്നാം തിയ്യതി തന്നെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി നവീകരണത്തിനുള്ള സുശീല്‍ ഖന്ന കമ്മീഷന്റെ പ്രാഥമിക റിപോര്‍ട്ടു മാത്രമാണ് ലഭിച്ചിട്ടുള്ളത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരു നിര്‍ദേശവും സുശീല്‍ഖന്ന റിപോര്‍ട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുമായി കൂടിയാലോചിച്ചു മാത്രമേ പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂ. 1000 പുതിയ സിഎന്‍ജി ബസ്സുകള്‍ ഇറക്കുന്നതിന് 300 കോടി രൂപ (ആദ്യ വര്‍ഷം 50 കോടി) പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്നു വായ്പയായി ലഭ്യമാക്കുന്നതിനു ഭരണാനുമതിയായതായും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ അധീനതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ വികസനപദ്ധതികള്‍ക്കായി പരഗണിക്കും. ഉത്തര മലമ്പാറില്‍ നിന്നു ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുന്നതിനു നടപടി സ്വീകരിക്കും. കൊല്ലം ഡിപ്പോയില്‍ നിന്നു ബംഗളൂരു, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പരിഗണനയിലാണ്. കെഎസ്ആര്‍ടിസിയുടെ കോഴിക്കോട്, അങ്കമാലി, തിരുവല്ല, തമ്പാനൂര്‍ എന്നിവടങ്ങിലെ കോംപ്ലക്‌സുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആറുമാസത്തിനകം നടപടിയുണ്ടാവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്കു കെഎസ്ആര്‍ടിസിയില്‍ 1163 പേര്‍ക്ക് പിഎസ്‌സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 10 വര്‍ഷത്തിലധികം താല്‍ക്കാലിക സര്‍വീസ് ചെയ്തു വരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു പരിഗണനയില്ലെന്നു മന്ത്രി പറഞ്ഞു.അതേസമയം, നിരത്തുകളിലെ സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാന്‍ പൊതുഗതാഗത സംവിധാനം ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ വോള്‍വോ ബസ്സുകള്‍ വാങ്ങും.  കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ഉള്‍നാടന്‍ മേഖലകളില്‍ സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സ്ഥലം എംഎല്‍എയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it