Kollam Local

കൃഷ്ണകുമാറിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് മാതാവ്



കൊല്ലം: ചിന്നക്കട കുളത്തില്‍പുരയിടം വിശ്വഭവനില്‍ രാജമ്മയുടെ മകന്‍ കൃഷ്ണകുമാറിന്റെ പോലിസ് കസ്റ്റഡിയിലെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് നീതി പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലിസിന്റെയും കൊല്ലം ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും വിശ്വാസമില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കൃഷ്ണകുമാറിന്റെ മാതാവ് രാജമ്മ, നീതി പൗരസമിതി ചെയര്‍മാന്‍ സുധാകരന്‍ പള്ളത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷ്ണകുമാറിനെ 2014 നവംബര്‍ 11നാണ് പോലിസ് പിടിച്ചുകൊണ്ടുപോയത്. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരുവിവരവും ഇല്ലായിരുന്നു. കൃഷ്ണകുമാര്‍ പോലിസ് കസ്റ്റഡിയിലായിരുന്നതിന് ദൃക്‌സാക്ഷിയുണ്ട്. എന്നാല്‍ അയാളെ പിന്നീടാരും കണ്ടിട്ടില്ല. ഇതിനിടയില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു വ്യക്തമാക്കി അവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പോലിസ് പ്രതികളെന്നു പറയുന്നവര്‍ കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ കൃഷ്ണകുമാറിനെ അപായപ്പെടുത്തില്ലെന്നാണ് വിശ്വാസം. എന്നാല്‍ കൃഷ്ണകുമാറിന്റേതെന്ന് പോലിസ് പറയുന്ന അസ്ഥികൂടത്തിന്റെ ഡിഎന്‍എ ടെസ്റ്റ് ഫലം ഇതുവരെ പുറത്തുവരാത്തതിലും ദുരൂഹതയുണ്ട്. അതുമാത്രമല്ല, അസ്ഥികൂടത്തിന്റെ കുറച്ചുഭാഗം മാത്രമാണ് സെപ്റ്റിക് ടാങ്കില്‍ ഉണ്ടായിരുന്നത്. മറ്റുഭാഗങ്ങളെവിടെയെന്നുപോലും വ്യക്തമായി പറയാന്‍ പോലിസിനു ഇതുവരെ കഴിയുന്നില്ല. കൃഷ്ണകുമാര്‍ ഈസ്റ്റ് പോലിസ് ഉദ്യോഗസ്ഥരാല്‍ കൊലചെയ്യപ്പെട്ടതാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും പോലിസ് അറസ്റ്റുചെയ്തവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും രാജമ്മ പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എഎന്‍ രാജന്‍ബാബു മുഖേനെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കലക്ടടേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. എ എന്‍ രാജന്‍ബാബു അധ്യക്ഷത വഹിക്കും. എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. പൗരസമിതി സെക്രട്ടറി കിഷോര്‍കുമാര്‍, അനില്‍കുമാര്‍, ദിലീപ്ഖാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it