thrissur local

കൂഴൂരിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി പ്രവര്‍ത്തനസജ്ജമായില്ല

സലീം എരവത്തൂര്‍

മാള: സര്‍ക്കാരിന്റെ പ്രഥമ കോഴിത്തീറ്റ ഫാക്ടറിയായ മാള കൂഴൂരിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി പ്രവര്‍ത്തനസജ്ജമായില്ല. മുന്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ പെടുത്തി ഫാക്ടറിയുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത അന്നത്തെ മുഖ്യമന്ത്രി 2012 ലെ ഓണത്തിന് മുന്‍പായി ഫാക്ടറി ഉല്‍പ്പന്നം ജനങ്ങള്‍ക്കായി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമായില്ല. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് കോഴിത്തീറ്റയുടെ ഉദ്പ്പാദനോല്‍ഘാടനം നടത്തിയത്. 2014 സെപ്റ്റംബറില്‍ ഫാക്ടറിയില്‍ നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ഉല്‍പ്പാദനത്തിന് തുടക്കമുണ്ടായി. എന്നാല്‍ ഉത്പാദനോദ്ഘാടനം നടത്തിയെങ്കിലും ഒരു ബാഗ് കോഴിത്തീറ്റ പോലും ഇതുവരെ ഇവിടെ നിന്നും വിപണിയിലേക്കിറക്കിയിട്ടില്ല. തുടര്‍ന്ന് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് പത്ത് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. താത്ക്കാലികമായി മെഷിനറികള്‍ സജ്ജീകരിച്ചും വൈദ്യുതി കണക്ഷനുമായി തുടങ്ങിയ ഫാക്ടറി പ്രവര്‍ത്തനം സജീവമാക്കാനായില്ല.
2016 ല്‍ കോഴിയും മുട്ടയും മാത്രമായി ചുരുങ്ങി. അടിയന്തിര ശ്രദ്ധ നല്‍കി ഫാക്ടറി പ്രവര്‍ത്തനം വിപുലമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. 1993ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ മുന്‍കൈയെടുത്താണ് ഫാക്ടറിക്ക് ശ്രമമാരംഭിച്ചത്. മാള കുഴൂര്‍ കാക്കുളിശ്ശേരിയില്‍ 5.13 ഏക്കര്‍ സ്ഥലം വാങ്ങി. ഫാക്ടറിയുടെ തറക്കല്ലിടല്‍ അന്നത്തെ കൃഷിവകുപ്പുമന്ത്രി പി പി ജോര്‍ജിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ തന്നെ നിര്‍വഹിച്ചു.  പിന്നീട് 2011ലാണ് അന്നത്തെ സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഈ ഫാക്ടറി ഉള്‍പ്പെടുത്തുന്നതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയെ ഏല്‍പ്പിച്ചു. 9.86 കോടി രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരവും 5.75 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്ത് 15.55 കോടി രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്. 90ഓളം അവിദഗ്ധ തൊഴിലാളികള്‍ക്കും മുന്നൂറോളം പേ ര്‍ക്ക് നേരിട്ടല്ലാതെയും ഇവിടെ തൊഴി ല്‍ സാധ്യതയുണ്ട് എന്നായിരുന്നു വാഗ്ദാനം.
അമ്പതിനായിരത്തോളം വരുന്ന കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഫാക്ടറിയുടെ സഹായം ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പ്രതിദിനം160 ടണ്‍ കോഴിത്തീറ്റ പെല്ലറ്റ് രൂപത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ഇവിടെ സാധിക്കും. ചോളം, സോയാബീന്‍, ഉണക്കമീന്‍ എന്നിവ ചേര്‍ത്താണ് കോഴിത്തീറ്റ തയ്യാറാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. ഇതിനിടെ 2016 ല്‍ തിരുവനന്തപുരത്തെ ഹാച്ചറിയിലേക്കുള്ള മെഷിനറികളാണെന്ന് പറഞ്ഞ് ഇവിടെ നിന്നും യന്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ ശ്രമമുണ്ടായതായി ആരോപണമുണ്ട്. യൂണിയനുകള്‍ ഇടപെട്ട് ഈ നീക്കം തടഞ്ഞുവെങ്കിലും പിന്നീട് മെഷിനറികള്‍ ഇവിടെ നിന്നും കാണാതായി. തിരുവനന്തപുരം കുടപ്പനക്കുന്നിലുള്ള ഹാച്ചറിയിലേക്കുള്ള മെഷിനറികള്‍ ആയിരുന്നു അവയെന്നും അങ്ങോട്ടാണവ കൊണ്ടുപോയത് എന്നുമാണ് അധികൃത ഭാഷ്യം. ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും ഫാക്ടറി എല്‍ എഡി എഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it