Alappuzha local

കൂറ്റന്‍ തിരമാലകള്‍ക്കിടയില്‍ പൊന്തുവള്ളത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി ഫ്രാന്‍സിസ്

അമ്പലപ്പുഴ: പോലിസിന്റെ കടല്‍ രക്ഷാ ബോട്ടില്‍ ജോലി നഷ്ടപ്പെട്ടെങ്കിലും പൊന്തുവള്ളത്തില്‍ തനിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി മാതൃകയാകുകയാണ് പുന്നപ്ര സ്വദേശി ഫ്രാന്‍സിസ്.ശക്തമായ ഒഴുക്കിനെയും, കാറ്റിനെയും വകവെക്കാതെ പൊന്തുവള്ളം തുഴയാനുള്ള ഈ മല്‍സ്യതൊഴിലാളിയുടെ മനക്കരുത്തിനു മുന്നില്‍ അലറിയെത്തുന്ന കൂറ്റന്‍ തിരമാലയും കീഴടങ്ങി. തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനിലെ കടല്‍ രക്ഷാ ബോട്ടിലെ സ്രാങ്കായിരുന്ന പുന്നപ്ര വെള്ളപ്പനാട് വീട്ടില്‍ ഫ്രാന്‍സിസിന്റെ ജോലി നഷ്ടപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായി. ഇന്റര്‍സെപ്റ്റര്‍ ബോട്ടിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം.ജോലിയുണ്ടായിരുന്ന സമയത്ത് ജീവന്‍ പോലും വകവെക്കാതെ കടലില്‍ അപകടത്തില്‍പ്പെട്ട നിരവധി മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനു ശേഷം പൊന്തുവള്ളത്തില്‍ മല്‍സ്യബന്ധനം നടത്തിയാണ് നിര്‍ധന കുടുംബം പോറ്റുന്നത്. ജോലി ഉണ്ടായിരുന്ന സമയത്ത് ലോണെടുത്ത് വീടുപണി ആരംഭിച്ചെങ്കിലും കടബാധ്യത മൂലം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഓമനപ്പുഴയില്‍ നിന്നും, ചെട്ടികാടു നിന്നും മത്സ്യതൊഴിലാളികളെ കാണാതായതറിഞ്ഞ് അവരെ തിരഞ്ഞ് പൊന്തുവള്ളവുമായി  തെരച്ചിലിനിറങ്ങുകയായിരുന്നു ഫ്രാന്‍സിസ്.ഇവര്‍ സുരക്ഷിതരായി കരക്കെത്തിയ വിവരം അറിഞ്ഞപ്പോഴാണ്  രക്ഷാപ്രവര്‍ത്തനത്തില്‍ മികവു കാട്ടിയ ഈ മല്‍സ്യതൊഴിലാളി കരക്കണഞ്ഞത്.
Next Story

RELATED STORIES

Share it