Second edit

കൂറുപ്രഖ്യാപന ഫോറം

ഒരു പുസ്തകത്തിനു സര്‍ക്കാരിന്റെ ധനസഹായം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ കൃതിയിലില്ലെന്ന് ഗ്രന്ഥകാരന്‍ സത്യവാങ്മൂലം നല്‍കണമെന്നു വന്നാല്‍ അതു സാംസ്‌കാരിക ഫാഷിസമല്ലേ? ഉര്‍ദുഭാഷാ വികസനത്തിനുള്ള ദേശീയ കൗണ്‍സിലിന്റെ സമീപകാല സമീപനമാണ് ആത്മാഭിമാനമുള്ള ഏതൊരു ഗ്രന്ഥകാരനും ഭീഷണിയായിത്തീര്‍ന്നിട്ടുള്ളത്. കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിനു കീഴിലാണ് ഈ കൗണ്‍സില്‍. കൗണ്‍സിലിന്റെ ധനസഹായം ലഭിക്കണമെങ്കില്‍ നിര്‍ദിഷ്ട കൃതിയില്‍ സര്‍ക്കാര്‍നയങ്ങള്‍ക്കോ ദേശീയതാല്‍പര്യങ്ങള്‍ക്കോ വിരുദ്ധമായ യാതൊന്നും അടങ്ങിയിട്ടില്ലെന്ന്, ഒരു നിര്‍ദിഷ്ട േഫാറം പൂരിപ്പിച്ച്, രണ്ടു സാക്ഷികളുടെ ഒപ്പോടുകൂടി സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പുസ്തകത്തില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിനെക്കുറിച്ച് വസ്തുതാപരമായ എന്തോ പിശക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കൂറുപ്രഖ്യാപന ഫോറം നിര്‍ബന്ധമാക്കിയതത്രെ. സര്‍ക്കാരിന്റെ ധനസഹായം ലഭിക്കുന്ന ഒരു ഗ്രന്ഥത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ കരുതുന്നു!
ഇതു ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപമാനകരമാണ്. ഭരണഘടന വാഗ്ദാനം നല്‍കിയിട്ടുള്ള ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. മാത്രമല്ല, ഇന്ത്യയില്‍ ഉര്‍ദു ഒഴികെ മറ്റൊരു പ്രാദേശിക ഭാഷയ്ക്കും ഇത്തരമൊരു വിവേചനം നേരിടേണ്ടി വരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. കാലാകാലമായി ഉര്‍ദുവിനെതിരേ കേന്ദ്രഗവണ്‍മെന്റുകള്‍ അനുവര്‍ത്തിക്കുന്ന സാംസ്‌കാരിക ഫാഷിസത്തിന്റെ വികൃതമായ മറ്റൊരു മുഖമെന്നല്ലാതെ എന്താണ് ഇതിനെപറ്റി പറയേണ്ടത്?
Next Story

RELATED STORIES

Share it