kozhikode local

കൂട്ടായ്മയുടെ പെരുമയില്‍ കുന്നുമ്മല്‍ തോട് ശുചീകരണം

കുറ്റിയാടി: കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ കുന്നുമ്മല്‍ തോടിന്റെ ശുചീകരണത്തിന് ബഹുജന പങ്കാളിത്തം . ശുചീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പ്ലാസ്റ്റിക്കും മദ്യ കുപ്പികളും ആശുപത്രി മാലിന്യങ്ങളുംകൊണ്ട് മൂടിയ തോടിന് ജനകീയ പങ്കാളിത്തത്തോടെയാണ് പുതുജീവന്‍ നല്‍കിയത്. മേഖലയിലെ നൂറിലധികം കിണറുകളുടെയും പത്തിലധികം അരുവികളുടെയും കുളങ്ങളുടെയും ജലനിരപ്പ് നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന തോടാണിത്.
വട്ടോളി ശിവക്ഷേത്ര കുളത്തില്‍ നിന്ന് ഉത്ഭവിക്കുന്ന തോട് നാദാപുരം, തൂണേരി പഞ്ചായത്തുകളിലൂടെ നാല് കിലോമീറ്ററിലധികം സഞ്ചരിച്ച് മയ്യഴി പുഴയിലാണ് ചേരുന്നത്. 8 മീറ്ററിലധികം വീതിയുണ്ടായിരുന്ന തോടിന്റെ പല ഭാഗവും സ്വകാര്യ വ്യക്തികള്‍ കൈയേറിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് തോടിന്റെ ഉപഭോക്താക്കളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുകയും മുയ്യോട്ടു പാലം, കുന്നുമ്മല്‍ പാലം, മാണിക്കോത്ത് പാലം, കുറുക്കോട് പാലം എന്നീ നാലു തോട് സംരക്ഷണ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് മൂവായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ശുചീകരണത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ - യുവജന സാംസ്‌ക്കാരിക സംഘടനകള്‍, കുറ്റിയാടി എസ് ഐ എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ്, നാദാപുരം അഗ്‌നിശമന സേന ഇന്‍സ്‌പെക്ടര്‍ വാസന്ത് ചേച്ചന്‍കണ്ടിയുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനാഗങ്ങള്‍, കെഎസ്ഇബി, എക്‌സൈസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍  ശുചീകരണത്തില്‍ പങ്കാളികളായി.
നാദാപുരം ഡിവൈഎസ്പി വി കെ രാജു തോടു ശുചീകരണം ഫ്‌ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്‍ അധ്യക്ഷത വഹിച്ചു. കെ കെ ലതിക, കെ കെ സുരേഷ്, കെ സജിത്ത്, പ്രമോദ് കക്കട്ടില്‍ , സൂപ്പി നരിക്കാട്ടേരി, പി സുരേഷ് ബാബു , വി അഷറഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it