thrissur local

കൂടല്‍മാണിക്യ ക്ഷേത്രോല്‍സവം : സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും



തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ എ ഡി എം സി കെ അനന്തകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി താലൂക്ക് അടിസ്ഥാനത്തില്‍ മെയ് നാലിന് വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും. ഏഴിന് വൈകീട്ട് എഴുന്നെള്ളിപ്പിനുള്ള ആനകളുടെ ഫിറ്റ്‌നെസ് അനുമതി കാര്യത്തില്‍ തീരുമാനമാകും. ആറിന് കൊടിയേറുന്ന ഉത്സവം മെയ് 16 ന്റെ ആറാട്ടോടെ സമാപിക്കും. മയക്കുവെടി വിദഗ്ധരുടെ സേവനം, ആനകള്‍ക്കുളള വെള്ളം, ഭക്ഷണം, ഷവര്‍ബാത്ത്, നടപ്പാത നനയ്ക്കല്‍, ഒരാനക്ക് രണ്ട് പേര്‍ എന്ന തോതിലുളള സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യം, മൃഗസംരക്ഷണ-ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനം, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഉദ്യോഗസ്ഥരുടെ സേവനം എന്നിവ ഉറപ്പുവരുത്താന്‍ കമ്മിറ്റി തീരുമാനിച്ചു. ആംബുലന്‍സ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ഗതാഗത സൗകര്യം, അനധികൃത ലഹരി വസ്തുകളുടെ വിപണനം തടയല്‍ എന്നിവ കമ്മിറ്റി ഉറപ്പു വരുത്തും. പാര്‍ക്കിങ് സൗകര്യം, സി സി ടി വി ക്യാമറകള്‍ എന്നിവ ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി. വെടിക്കെട്ട് നടത്താന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. അനുമതിയില്ലാത്ത വെടിക്കെട്ട് പ്രദര്‍ശനം പാടില്ലെന്ന് എ ഡി എം അറിയിച്ചു.
Next Story

RELATED STORIES

Share it