കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണനിലയില്‍ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്. വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പോലിസ് കാണിക്കേണ്ട ജാഗ്രത പോലിസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ഇത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ യാത്രയുമായി ഈ പ്രശ്‌നത്തെ ഒരുതരത്തിലും ബന്ധിപ്പിക്കേണ്ടതില്ല. സുരക്ഷാകാര്യങ്ങള്‍ ഒരുക്കുന്നത് അതുമായി ബന്ധപ്പെട്ട പ്രത്യേക ടീമാണ്. അല്ലാതെ എസ്‌ഐയോ മറ്റാരെങ്കിലുമോ അല്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പോലിസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അതില്‍ യുവതിയുടെ സഹോദരനും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി നടന്ന സംഭവങ്ങളാണ് ഇതെല്ലാം.
കുറച്ചു പേര്‍ ചേര്‍ന്ന് ആ ചെറുപ്പക്കാരന തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തും. പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും. ഇക്കാര്യത്തില്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it