Flash News

കുരിശുമല : മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് സൂചന



സി എ സജീവന്‍

തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശുകള്‍ പൊളിച്ചുനീക്കിയതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടറെ ശാസിച്ചത് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുഃഖവെള്ളിയാഴ്ച പ്രാ ര്‍ഥിക്കുന്നതിനായി സ്ഥാപിച്ചതെന്നാണ് മുഖ്യമന്ത്രിയും സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും പറയുന്നത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമാണെന്ന് അന്വേഷിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. ഇടുക്കി ജില്ലയില്‍ വിവിധ മലകളില്‍ ക്രൈസ്തവ സഭാനേതൃത്വം അറിഞ്ഞും അറിയാതെയും കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദുഃഖവെള്ളിക്കെന്ന പേരില്‍ സ്ഥാപിക്കുന്ന കുരിശും സമീപഭൂമിയും പിന്നീട് കൈയേറുന്നത് പതിവുരീതിയാണ്.  മതചിഹ്നത്തിന്റെ പേരിലാവുമ്പോള്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരും പിന്തുണ നല്‍കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മടിക്കും. ഇതു മുതലെടുത്താണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത്. ക്രൈസ്തവ സംഘടനയുടെ പേരില്‍ ഇവിടെ ഭൂമി കൈയേറിയത് ചിന്നക്കനാലിലെ പരമ്പരാഗത കൈയേറ്റ മാഫിയാ കുടുംബമാണ്. ഭൂമി കൈയേറ്റത്തിന് ഇവര്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയക്കാരെ വിലയ്ക്കു വാങ്ങിയാണ് കുരിശുകള്‍ പണിതുയര്‍ത്തിയത്. ചിന്നക്കനാലിലെ ഭൂമിയുടെ നല്ലൊരു ഭാഗം അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന ഈ കുടുംബത്തിനെതിരേ നിരവധി അന്വേഷണ റിപോര്‍ട്ടുകള്‍ സര്‍ക്കാരിനു മുമ്പിലുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.  പ്രധാന ഇടനിലക്കാരനായ ചിന്നക്കനാലിലെ സിപിഎം നേതാവ് വി എക്‌സ് ആല്‍ബിനെതിരേയും നിരവധി അന്വേഷണ റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 15നു കുരിശ് പൊളിച്ചുനീക്കാനെത്തിയ അഡീ. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണസേനയെ കൈയേറ്റക്കാരനും കൂട്ടരും ചേര്‍ന്നു തടഞ്ഞത് വാര്‍ത്തയായിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ഉന്നത നേതാവും വൈദ്യുതിമന്ത്രിയുമായ എം എം മണി ഇടപെട്ട് സംഘത്തെ തിരിച്ചയച്ചു. മടങ്ങിപ്പോയ അഡീ. തഹസില്‍ദാര്‍ ശാന്തന്‍പാറ പോലിസില്‍ ഇതുസംബന്ധിച്ചു നല്‍കിയ പരാതിയിലും കാര്യമായ അന്വേഷണമുണ്ടായില്ല. ഭക്തിയുടെ മറ പിന്‍പറ്റി സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്താനുള്ള തന്ത്രമാണ് ഇവിടെ സ്വീകരിച്ചത്. ചിന്നക്കനാലിലും പരിസരത്തുമുള്ള റിസോര്‍ട്ടുകളിലെത്തുന്ന വിദേശികള്‍ അടക്കമുള്ള ആളുകളെ തന്ത്രപരമായി കുരിശുമലയിലെത്തിച്ചാണ് ആത്മീയ ടൂറിസം വളര്‍ത്തുന്നത്.
Next Story

RELATED STORIES

Share it