Pathanamthitta local

കുമ്മണ്ണൂരില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം

കോന്നി: കുമ്മണ്ണൂരിലും  പരിസരപ്രദേശങ്ങളിലും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കം. കഴിഞ്ഞ കുറേനാളുകളായി പ്രദേശത്ത് നടക്കുന്ന അതിക്രമങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.
നാട്ടില്‍ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ മുതലെടുത്ത് നടത്താനുള്ള നീക്കത്തില്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷികത്തില്‍ പ്രദേശത്ത് എസ്ഡിപിഐ പതിച്ചിരുന്ന പോസ്റ്ററുകള്‍ സിപിഎമ്മുകാര്‍ നശിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ രാത്രിയാണ് മുളന്തറയില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ച് അവിടെ സിപിഎം ഏരിയാ സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ പതിച്ചത്. ഇതിനു സമാനമായ നിലയില്‍ കോന്നി കലഞ്ഞൂരിലും ബാബരി പോസ്റ്ററുകള്‍ നശിപ്പിച്ച് സിപിഎം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അതിക്രമമെന്ന് ഇതിലൂടെ വ്യക്തമാണ്. അടുത്തിടെ കുമ്മണ്ണൂരില്‍ യുവാവിനേയും കുടുംബത്തേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല.
സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദമുള്ളതിനാല്‍ അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലിസ്. ഇത്തരത്തില്‍ ഏകപക്ഷീയമായ പോലിസിന്റെ ഇടപെടലുകളാണ് അക്രമികള്‍ക്കും സാമുഹ്യവിരുദ്ധര്‍ക്കും തണലാവുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞയാഴ്ച നബിദിനാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ വിശ്വാസികള്‍ സ്ഥാപിച്ചിരുന്ന കൊടികളും മതചിഹ്നങ്ങളും രണ്ടുതവണയായി വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിനുപിന്നിലും ഭരണപക്ഷത്തുള്ള ഒരുവിഭാഗത്തിന്റെ ഗുഢാലോചനയുണ്ടെന്ന് അന്നുതന്നെ പലകോണുകളില്‍നിന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളും തൊട്ടടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
കൊടികള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ തന്നെ വ്യാജപ്രചാരണങ്ങള്‍ നടത്തി തങ്ങളുടെ ലേബലില്‍ പ്രത്യേകം പ്രതിഷേധം നടത്താനും പദ്ധതിയിട്ടിരുന്നു. കോന്നിയില്‍ നിന്നുള്ള ജില്ലാനേതാവാണ് ഇതിനുനിര്‍ദേശം നല്‍കിയത്. എന്നാല്‍, നാട്ടുകാര്‍ എതിരാകുമെന്ന പ്രദേശവാസികളില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഈ നീക്കത്തില്‍ നിന്നും അക്കൂട്ടര്‍ പിന്മാറുകയായിരുന്നു.
മുസ്‌ലീം മതവിശ്വാസകളില്‍ ഐക്യത്തോടെ കഴിയുന്ന പ്രദേശത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണ്.
Next Story

RELATED STORIES

Share it