kasaragod local

കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം ; വെള്ളിയാഭരണങ്ങള്‍ അടര്‍ത്തിമാറ്റി



കുമ്പള: ദേശീയപാതക്കരികിലെ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പടിയിലും വാതില്‍പടിയിലും ദ്വാരപാലക പ്രതിമയിലും പതിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമം. വെള്ളിപറിച്ചെടുത്ത് ചാക്കിലാക്കി കടത്തികൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ ക്ഷേത്ര പൂജാരി എത്തിയതോടെ കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ശൗചാലയത്തിന്റെ മേല്‍കൂര വഴിയാണ് കവര്‍ച്ചക്കാരന്‍ ചുറ്റമ്പലത്തിന് മുകളില്‍ കയറിയത്. ഇതിന് ശേഷം ചുറ്റമ്പലത്തില്‍ ഇറങ്ങി ശ്രീകോവിലിലേക്കുള്ള പടിയിലും വാതിലിലും കട്ടിളയിലും ദ്വാരപാലക പ്രതിമകളിലും പതിച്ച വെള്ളി അടര്‍ത്തിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവ ചാക്കിലാക്കി പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ക്ഷേത്ര പൂജാരി മാധവ അഡിഗ എത്തിയത്. ഇതോടെ കവര്‍ച്ചക്കാരന്‍ തൊണ്ടി മുതല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൂജാരി ബഹളം വച്ചതോടെ ചുറ്റമ്പലത്തിന് പുറത്ത് കാവല്‍ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി. ക്ഷേത്ര അധികാരികളേയും പോലിസിനേയും വിവരം അറിയിച്ചു. പോലിസ് എത്തുമ്പോഴേക്കും കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടിരുന്നു. കുമ്പള പോലിസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Next Story

RELATED STORIES

Share it