കുമാരസ്വാമി മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം; യു ടി ഖാദറിന് ആരോഗ്യം

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

മംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ മന്ത്രിസഭയില്‍ രണ്ട് മലയാളി സാന്നിധ്യം. സൗത്ത് കനറയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ഏക കോണ്‍ഗ്രസ് എംഎല്‍എ യു ടി ഖാദറും സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച കെ ജെ ജോര്‍ജുമാണ് കുമാരസ്വാമി മന്ത്രിസഭയില്‍ ഇടം നേടിയത്.
യു ടി ഖാദര്‍ ആരോഗ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ ഉള്ളാള്‍ മണ്ഡലമായിരുന്ന ഇപ്പോഴത്തെ മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ്സിലെ യു ടി ഖാദര്‍ 19,739 വോട്ടുകള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്തി വിജയിച്ചത്. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്നു.
നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. മുന്‍ എംഎല്‍എയായിരുന്ന കോണ്‍ഗ്രസ് നേതാവ് യു ടി ഫരീദിന്റെ മകനായ യു ടി ഖാദറിന് പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. സൗത്ത് കനറയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി തരംഗം ഉണ്ടായപ്പോഴും സിറ്റിങ് മണ്ഡലം നിലനിര്‍ത്തി യു ടി ഖാദര്‍ കോണ്‍ഗ്രസ്സിന്റെ അഭിമാനം കാക്കുകയായിരുന്നു. മാതാവ് ഉപ്പള കുന്നില്‍ സ്വദേശിനിയാണ്. ഭാര്യ മേല്‍പറമ്പ് സ്വദേശിനിയാണ്.
ബംഗളൂരുവില്‍ വ്യവസായിയും കോട്ടയം ചിങ്ങവനം സ്വദേശിയുമായ കേലചന്ദ്ര ജോസഫ് ജോര്‍ജ് എന്ന കെ ജെ ജോര്‍ജും മന്ത്രിസഭയില്‍ ഇടം നേടി.കഴിഞ്ഞ മന്ത്രിസഭയില്‍ ബംഗളൂരു ഡവലപ്‌മെന്റ് ആന്റ് ടൗണ്‍ പ്ലാനിങ് മന്ത്രിയായിരുന്നു. നേരത്തെ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഭാര്യ: സുജ. മക്കള്‍: രനിത ജോര്‍ജ്, രജ ജോര്‍ജ്.
അതേസമയം കാസര്‍കോട് കീഴൂരില്‍ നിന്നുള്ള എന്‍ എ ഹാരിസിനെ ഇപ്രാവശ്യവും കോണ്‍ഗ്രസ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. ബംഗളൂരു ശാന്തിനഗര്‍ മണ്ഡലത്തില്‍ നിന്ന് മൂന്നാം തവണയും ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it