Flash News

കുമാരസ്വാമി അധികാരമേറ്റു; നാളെ വിശ്വാസ വോട്ടെടുപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ പ്രതിപക്ഷ ഐക്യനിരയെ സാക്ഷിയാക്കി കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍.  മുഖ്യമന്ത്രിയായി ജനതാദള്‍- എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു.
നാളെയാണ് വിശ്വാസ വോട്ടെടുപ്പ്. വിധാന്‍ സൗധയ്ക്കു മുന്നില്‍ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടക ജനത്തിന്റെ പേരിലായിരുന്നു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായി ചടങ്ങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, ശരത് പവാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനെത്തി. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമെന്ന നിലയിലാണ് ഈ ഒത്തുകൂടലിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിഐപികള്‍ക്കും നേതാക്കള്‍ക്കുമായി 75,000 ഇരിപ്പിടങ്ങളാണ് ഒരുക്കിയത്. പത്തുമിനിറ്റിനകം ചടങ്ങുകള്‍ അവസാനിച്ചു.
അതേസമയം, ബിജെപി അംഗങ്ങള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ മുഖ്യമന്ത്രിസ്ഥാനത്തിന് പുറമെ 12 മന്ത്രിസ്ഥാനങ്ങള്‍ ജെഡിഎസിന് ലഭിക്കും. ഉപമുഖ്യമന്ത്രി പദവിയും 22 മന്ത്രിസ്ഥാനങ്ങളുമാണ് കോണ്‍ഗ്രസ്സിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. കൂടാതെ, സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസിനുമാണ്.
അതിനിടെ, കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ഇപ്പോഴും ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിശ്വാസ വോട്ടില്‍ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുണ്ട്.
അതേസമയം, അഞ്ചു വര്‍ഷത്തെ ഭരണകാലയളവിലെ രണ്ടാം പകുതിയില്‍ മുതിര്‍ന്ന നേതാവിന് മുഖ്യമന്ത്രിപദവി ലഭിക്കുന്ന കാര്യം ഉറപ്പുവരുത്തണമെന്നു  കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗത്തില്‍ എംഎല്‍എമാര്‍ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it