Idukki local

കുമരകം -കമ്പം സംസ്ഥാന പാത യാഥാര്‍ഥ്യമാവും



തൊടുപുഴ: വെളളിയാമറ്റം-അറക്കുളം പഞ്ചായത്തുകളില്‍ കൂടി കടന്ന് പോകുന്ന കുമരകം-കമ്പം സ്റ്റേറ്റ് ഹൈവേയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്. റോഡിന് ഏകദേശം 75 വര്‍ഷത്തോളം പഴക്കമുള്ള ഇടുക്കി പദ്ധതിക്ക് മുന്‍പുളള വഴിയാണ് ഇത്. ഈ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായി 2000-2001 വര്‍ഷത്തില്‍ പൊതുമരാമത്ത് ഏറ്റെടുത്ത് പണികള്‍ തുടങ്ങി.നല്ലൊരു ഭാഗം പണികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.തുടര്‍ന്ന് വനംവകുപ്പ് തടസ്സവാദവുമായി എത്തി. കാലവര്‍ഷക്കെടുതിമൂലം ഏകദേശം മുന്നൂറ് മീറ്ററോളം റോഡ് ഒലിച്ച് പോകുകയും ചെയ്തു.ജനങ്ങള്‍ക്ക് കാല്‍നട യാത്രക്ക് പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഒലിച്ച് പോയഭാഗം പുനര്‍നിര്‍മ്മിക്കുന്നതിന് പി ജെ ജോസഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.17കോടി രൂപ അനുവദിച്ചു.എന്നാല്‍  വീണ്ടും വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചു.തുടര്‍ന്ന് മോഹനന്‍ വെട്ടുകല്ലേല്‍,രാമകൃഷ്ണന്‍ ത്രിവേണിയില്‍, ദിലീപ്കുമാര്‍ പാച്ചേരിയില്‍, പ്രഭാകരന്‍ പുലിമുടിയില്‍, വിശ്വനാഥന്‍ പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ ഹൈക്കോടതി കോടതിയെ സമീപിച്ചു. മൂന്ന് മാസത്തിനുളളില്‍ വനംവകുപ്പും പൊതുമരാമത്തും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി കോടതി ഉത്തരവായി. എന്നാല്‍ കാലാവധി നീണ്ടുപോയതോടെ  വീണ്ടും കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി 29-07-2016-ല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു അടിയന്തിര യോഗം വിളിച്ചു. 05-08-2016ല്‍ ഇടുക്കി പൊതുമരാമത്ത് വനംവകുപ്പ് എന്നീ ഉദ്യോഗസ്ഥര്‍ ജോയിന്റ് ഫെരിഫിക്കേഷന്‍ നടത്തി.7.8 ഹെക്ടര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. ഇത്രയും വരുന്ന ഭൂമി ദേവികുളം താലൂക്കിലെ കീഴാന്തൂര്‍ വില്ലേജില്‍ വനം വകുപ്പിന് നല്‍കാന്‍ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാവുകയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ വി കെ, എം ഡി ദേവദാസ്,  വി കെ രാമകൃഷ്ണന്‍, പി വി ദിലീപ്കുമാര്‍, പ്രഭാകരന്‍ പി വി, വിശ്വനാഥന്‍ പി ആര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it