kasaragod local

കുന്നിടിച്ച് മണ്ണ് കടത്തല്‍ വ്യാപകം



ബദിയടുക്ക: കുന്നിടിച്ച് മണ്ണ് കടത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും കാസര്‍കോട് ജില്ലയില്‍ നിയമം കാറ്റില്‍ പറത്തി കുന്നിടിക്കല്‍ വ്യാപകമാകുന്നു. അവധി ദിവസങ്ങളിലാണ് കുന്നിടിച്ച് ചെമ്മണ്ണ് കടത്തുന്നത്. വയല്‍ നികത്താനും കെട്ടിടം പണിയാനുമാണ് മണ്ണ് കടത്തുന്നത്. ബദിയടുക്ക, ആദൂര്‍, വിദ്യാനഗര്‍ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ മണ്ണ് കടത്ത് സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ കുന്നുകള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കിളച്ച് മറിച്ച് വന്‍ വിലക്കാണ് മണ്ണ് വില്‍ക്കുന്നത്. ടിപ്പര്‍ ലോറിയില്‍ ലോഡൊന്നിന് വാടക  ഉള്‍പ്പെടെ 1500 മുതല്‍ 3000 രൂപ വരെയാണ് വില. അധികൃതരുടെ കണ്ണുവെട്ടിച്ച്  ഊടുവഴികളിലൂടെയാണ് മണ്ണ് കടത്തുന്നത്. കുന്നിടിച്ച് മണ്ണ് കടത്തുന്നതിന് ജിയോളജി വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുവാദം വാങ്ങുകയും കടത്ത് ലോറികള്‍ക്ക് മുകളില്‍ പൊടി പടലങ്ങള്‍ കാറ്റില്‍ പറക്കാത്ത രീതിയില്‍  ടാര്‍പോളിന്‍ ഉപയോഗിച്ച് മറക്കണമെന്ന ചട്ടം ലംഘിച്ചാണ് കുന്നിടിക്കലും മണ്ണ് കടത്തും. ബദിയടുക്ക-പെര്‍ള അന്തര്‍ സംസ്ഥാന പാതയോരത്ത് നിന്ന് പല സ്ഥലങ്ങളിലായി കുന്നിടിച്ച് ചെമ്മണ്ണ് കടത്ത് വ്യാപകമായതിനെ തുടര്‍ന്ന്  പോലിസ് പരിശോധന കര്‍ശനമാക്കുന്നുണ്ടെങ്കിലും പോലിസിന്റെ നീക്കങ്ങള്‍ കടത്ത് സംഘത്തിന് എത്തിച്ചു കൊടുക്കുന്നതിനും അതിന് പുറമെ അകമ്പടി വാഹനങ്ങള്‍ വേറെയും ഏര്‍പ്പെടുത്തികൊണ്ടാണ് മണ്ണ് കടത്തുന്നത്. അനധികൃത മണ്ണ് കടത്ത് പോലിസ് പിടികൂടിയാല്‍ ജിയോളജി വകുപ്പിന് കൈമാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ പിടികൂടുന്ന വാഹനങ്ങള്‍ക്ക്  15000 മുതല്‍ 25000 രൂപ പിഴ ഈടാക്കിയതിന് ശേഷം വിട്ടയക്കുന്നുണ്ട്. വലിയ കുന്നുകള്‍ ഇടിച്ച് മണ്ണിടിച്ച് കടത്തുന്നത് പരിതസ്ഥിതിക്ക് കോട്ടംതട്ടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it