palakkad local

കുന്നിടിച്ച് മണ്ണെടുക്കുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി

ആനക്കര: കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് കുന്നിടിച്ച് മണ്ണെടുക്കുന്നതിന് ഹൈക്കോടതി നിരോധനം  ഏര്‍പ്പെടുത്തി കൊണ്ട് ഉത്തരവായി. ജിയോളജി നല്‍കുന്ന പാസ് ഉപയോഗിച്ച് മാസങ്ങളായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വ്യാപകമായി മണ്ണെടുക്കുന്നതാണ് കോടതി തടഞ്ഞത്. കപ്പൂര്‍ പഞ്ചായത്തിലെ ഞാവലുംകാട് ഭാഗത്ത് നിന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി ഉണ്ടായിട്ടുള്ളത്. നേരത്തെ ഞാവലുകാട് ഭാഗത്ത് നിന്ന് മണ്ണെടുക്കുന്നതിന് മാര്‍ച്ച് 31 വരെ ജിയോളജി വകുപ്പില്‍ നിന്ന് പെര്‍മിറ്റ് കരസ്ഥമാക്കിയിരുന്നു. ഇതുപ്രകാരം ബണ്ട് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് മലപ്പുറം ജില്ലയിലേക്ക് മണ്ണെടുത്തു പോയിരുന്നു.
അതിന് ശേഷം ഏപ്രില്‍  1 മുതല്‍ ഏപ്രില്‍ 30വരെയും മെയ് ഒന്നുമുതല്‍ 31വരെയും പുതിയ പാസ് ജിയോളജി വീണ്ടും അനുവദിച്ചു. ഇതു പ്രകാരം പതിനയ്യായിരം മെട്രിക്ക് ടണ്‍ മണ്ണെടുക്കുന്നതിനാണ് പാസ് നല്‍കിയത്. എന്നാല്‍ രാപകല്‍ വ്യത്യാസമില്ലാതെയുള്ള മണ്ണെടുപ്പ് നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെയാണ് മെയ് 1 മുതല്‍ മെയ് 31 വരെ മണ്ണെടുക്കുന്നതിന് വീണ്ടും അനുമതി നല്‍കിയത്. ഇതിനിടയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ മണ്ണെടുക്കുന്നവര്‍ ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു. പ്രദേശത്തെ അബ്ദുല്‍ നാസര്‍ കാരൂത്ത്, മുസ്തഫ, ഹയ്യന്‍ എന്ന ബാവ, ഷാജു കരുവാരക്കുന്നത് അടക്കം അഞ്ച് പേരുടെ പേരിലാണ് അന്യായം ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ അന്യായത്തിന്‍ മേലാണ് ഹൈക്കോടതി കപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് മണ്ണ് ഖനനം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി വിധി പ്രസ്ഥാപിച്ചത്. ഖനനം അളന്ന് തിട്ടപ്പെടുത്തി പിഴയിടാക്കാനും ജിയോളജി ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. മണ്ണെടുക്കുന്നതിന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളുകയും ആ പ്രദേശ നിവാസികളായ നാട്ടുകാര്‍ക്കാണ് പോലിസ് സംരക്ഷണം നല്‍കേണ്ടതെന്നു കോടതി വാക്കാല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it