kozhikode local

കുന്ദമംഗലത്ത് വൈദ്യുതി മുടക്കം : വ്യാപാരികള്‍ നിവേദനം നല്‍കി



കുന്ദമംഗലം: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം കെഎസ്ഇബി സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ക്ക് നിവേദനം നല്‍കി. ഏതാനും ദിവസമായി കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ഇടക്കിടെ വിവിധ കാരണങ്ങള്‍ പറഞ്ഞ് കെഎസ്ഇബി അധികൃതര്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതാക്കുകയാണ്. അഞ്ഞൂറിലേറെ വ്യാപാരികളുള്ള അങ്ങാടിയില്‍ തന്നെ വൈദ്യുതി ലൈനിലെ ചെറിയ അറ്റകുറ്റ പണികള്‍ പറഞ്ഞ് വൈദ്യുതി നിലക്കുമ്പോള്‍ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാപാരികള്‍ക്ക് അനുഭവപ്പെടുന്നത്. കൂള്‍ബാര്‍, ഫ്രൂട്ട്‌സ് സ്റ്റാള്‍, ബേക്കറി, ഹോട്ടലുകള്‍, വുഡ് ഇന്‍ഡസ്ട്രീസ്, സ്‌റ്റേഷനറി, മരുന്ന് കടകള്‍ എന്നിവയെയാണ് വൈദ്യുതി മുടക്കം ഏറെ പ്രതിസന്ധിയിലാക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫോറങ്ങളും മറ്റും ഫോട്ടോകോപ്പി എടുക്കേണ്ട വിദ്യാര്‍ഥികളടക്കമുള്ളവരെയും വൈദ്യുതി നിലക്കുന്നത് ഏറെ പ്രയാസത്തിലാക്കുന്നു. ഉഷ്ണകാലമായതിനാല്‍ ജനങ്ങളും ഏറെ ബുദ്ധിമുട്ടുകയാണ്. ഒരേ സമയം തുടര്‍ച്ചയായി വൈദ്യുതി  ഇല്ലാതാക്കുന്നത് ഒഴിവാക്കണമെന്നും അറ്റകുറ്റപണികള്‍ക്കും മറ്റും തിരക്ക് കുറഞ്ഞ ദിവസങ്ങള്‍ തിരഞ്ഞെടുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ബാബുമോന്‍, കെ കെ ജൗഹര്‍, മുഹമ്മദ് മുസ്തഫ, എം വിശ്വനാഥന്‍ നായര്‍, കെ സുന്ദരന്‍, കെ കെ അസ്‌ലം, കെ ഹസ്സന്‍കോയ, പങ്കെടുത്തു.
Next Story

RELATED STORIES

Share it