palakkad local

കുനിശ്ശേരി ജങ്ഷന് പരാധീനതകള്‍ മാത്രം

കുനിശ്ശേരി: കൊടുവായൂര്‍-ആലത്തൂര്‍, കൊല്ലങ്കോട്-കൊടുവായൂര്‍, നെന്മാറ-പുതുനഗരം പാതകള്‍ സംഗമിക്കുന്ന കവലയായ കുനിശ്ശേരി ജങ്ഷന് കാലങ്ങളായി പരാധീനതകള്‍ മാത്രം. അന്തര്‍ സംസ്ഥാന പാതകളെപ്പോലും ബന്ധിപ്പിക്കുന്ന കുനിശ്ശേരി കവലയില്‍ കാലങ്ങളായി സിഗ്നല്‍ സംവിധാനങ്ങളോ കാത്തിരിപ്പുകേന്ദ്രങ്ങളോ ഇല്ല. കൊല്ലങ്കോട് റോഡില്‍ മാത്രമാണ് ഒരു കാത്തിരിപ്പ് കേന്ദ്രമുള്ളത്. പാലക്കാട്, ആലത്തൂര്‍ ബസുകള്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് കാലങ്ങളായി വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. മഴക്കാലത്ത് സമീപത്തെ കടകളില്‍ അഭയം പ്രാപിക്കുന്ന യാത്രക്കാര്‍ മഴ വരുമ്പോള്‍ ഓടിയടുക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കുന്നു. കവലയില്‍ സിഗ്നല്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ വാഹനങ്ങളുടെ അമിത വേഗവും അപകടത്തിനു കാരണമാവുന്നു. സന്ധ്യയായാല്‍ കോഴിവണ്ടികള്‍, ചീറിപ്പായുന്ന മേഖലയായതിനാല്‍ ഇവിടെ സിഗ്നല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. കൊല്ലങ്കോട് റോഡില്‍ യുപി സ്‌കൂള്‍ ഉണ്ടെങ്കിലും സ്‌കൂളിന് സമീപം വേഗതാ നിയന്ത്രണ സംവിധാനമോ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ സീബ്രാ വരകളോ ഇല്ലാത്തതും ദുരിതമാണ്. കൊല്ലങ്കോട്, ആലത്തൂര്‍ ഭാഗങ്ങളില്‍ നിന്നും കൊടുവായൂരെത്താനുള്ള എളുപ്പവഴിയായതിനാല്‍ രാപകലന്യേ നിരവധി വാഹനങ്ങളാണ് കുനിശ്ശേരി വഴി കടന്നുപോവുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളും നൂറുക്കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും വന്നുപോവുന്ന കുനിശ്ശേരി കവലയില്‍ കംഫര്‍ട്ട് സ്റ്റേഷനുമില്ല.ചൊവ്വാഴ്ച ദിവസം നടക്കുന്ന കുനിശ്ശേരി ചന്തയിലേക്ക് സമീപ പ്രദേശങ്ങളല്‍ നിന്നുമടക്കം നിരവധി ആളുകളാണെത്തുന്നത്. ജങ്ഷനില്‍ ഒരു ഹൈമാസ്സ് വിളക്കു സ്ഥാപിക്കണമെന്ന ആവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ട്.
Next Story

RELATED STORIES

Share it