ernakulam local

കുത്തക മണ്ഡലങ്ങളില്‍ യുഡിഎഫിന് തോല്‍വി; നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

കൊച്ചി: ജില്ലയില്‍ ഇത്തവണ പ്രവചനങ്ങള്‍ പാളി. ഫലം വന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു. ബാര്‍ കോഴ ആരോപണത്തില്‍ വിധേയനായ മന്ത്രി കെ ബാബുവും കടപുഴകി.14 നിയമസഭാമണ്ഡലങ്ങളില്‍ കഴിഞ്ഞതവണ 11 സീറ്റികളില്‍ വിജയിച്ച യുഡിഎഫിന് ഇക്കുറി ഒമ്പത് സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു. ഘടകകക്ഷി ഉള്‍പ്പെടെ കഴിഞ്ഞതവണ മൂന്ന് സീറ്റില്‍ മാത്രം വിജയിച്ച എല്‍ഡിഎഫിന് ഇടത് തരംഗത്തില്‍ ഇത്തവണ അഞ്ചു സീറ്റ് നേടി നില മെച്ചപ്പെടുത്താന്‍ സാധിച്ചു.
എന്നാല്‍ കുത്തകയെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടിരുന്ന സീറ്റുകളിലെ ഫലങ്ങള്‍ മാറിമറിഞ്ഞു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ പെരുമ്പാവൂരും അങ്കമാലിയും യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് കുത്തകയായിരുന്ന തൃപ്പൂണിത്തുറ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മന്ത്രി കെ ബാബു ബാര്‍ കോഴ ആരോപണത്തില്‍ തിരിച്ചടി നേരിട്ട് സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍. വിമതസ്ഥാനാര്‍ഥിയുടെ സാന്നിധ്യം കൊച്ചിയിലെ സിറ്റിങ് എംഎല്‍എയായ യുഡിഎഫിലെ ഡൊമിനിക്പ്രസന്റേഷന് പരാജയം സമ്മാനിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലകളായ കോതമംഗലവും മൂവാറ്റുപുഴയും എന്നും യുഡിഎഫിനൊപ്പം നിന്ന ചരിത്രമാണുള്ളത്. എന്നാല്‍ ഇത്തവണ അവിടെയും കാര്യങ്ങള്‍ തകിടംമറിഞ്ഞു.
കോതമംഗലത്തും മൂവാറ്റുപുഴയിലും യഥാക്രമം സിറ്റിങ് എംഎല്‍എമാരായ ടി യു കുരുവിളക്കും ജോസഫ് വാഴയ്ക്കനും പരാജയമേറ്റുവാങ്ങേണ്ടി വന്നു. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പള്ളിക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാജുപോളിനേക്കാള്‍ 7088 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. 2061 വോട്ടുകള്‍ നേടി എസ്ഡിപിഐയുടെ വി കെ ഷൗക്കത്തലിയും ഇവിടെ കരുത്ത് തെളിയിച്ചു. ജിഷവധക്കേസ് പെരുമ്പാവൂരില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാക്കിയതായാണ് സൂചന.
തൊട്ടടുത്ത മണ്ഡലമായ അങ്കമാലിയില്‍ കന്നിയങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിലെ റോജി എം ജോണിനൊപ്പം അങ്കമാലി ഉറച്ചു നിന്നപ്പോള്‍ 9186 വോട്ടിന് എല്‍ഡിഎഫിലെ ബെന്നി മൂഞ്ഞേലിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു.
കളമശ്ശേരി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കുന്നത്ത് നാട്, പിറവം എന്നീ സീറ്റുകള്‍ ഇത്തവണയും യുഡിഎഫിനൊപ്പം ഉറച്ചു നിന്നു. കളമശ്ശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കഴിഞ്ഞ തവണത്ത 7789 എന്ന ഭൂരിപക്ഷം ഇത്തവണ 12,118 ആക്കി ഉയര്‍ത്തി. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഷഫീര്‍ മുഹമ്മദ് 1706 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തി. ആലുവയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിന് കഴിഞ്ഞ വര്‍ഷം 13,241 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചതെങ്കില്‍ ഇത്തവണ അത് 18,835 ആയി ഉയര്‍ന്നു. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി മല്‍സരിച്ച അജ്മല്‍ ഇസ്മയില്‍ 1716 വോട്ടുകള്‍ നേടി. പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി ഡി സതീശന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണ 11,349 ആയിരുന്നുവെങ്കില്‍ ഇത്തവണ അത് 20,634 ആയി ഉയര്‍ന്നു. വൈപ്പിനില്‍ സിറ്റിങ് എംഎല്‍എ എസ് ശര്‍മയ്ക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടാനായി. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ കെ ആര്‍ സുഭാഷിനേക്കാള്‍ 19,353 വോട്ടിന്റെ ഭൂരിപക്ഷമാണ് ശര്‍മയ്ക്ക് ലഭിച്ചത്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍, പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ്ബ്, കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്‍ എന്നിവരുടെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കാര്യമായ കുറവുണ്ടായി. ഹൈബി ഈഡനാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനാര്‍ഥി. എതിര്‍സ്ഥാനാര്‍ഥി എം അനില്‍കുമാറിനേക്കാള്‍ 21,949 വോട്ടുകള്‍ ഹൈബിക്കു കൂടുതലായി ലഭിച്ചു. 2011 ലെ തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥി ഡോ. സെബാസ്റ്റിയന്‍ പോളിനേക്കാള്‍ 32,437 വോട്ടിന്റെ ഭൂരിപക്ഷം ഹൈബിക്കുണ്ടായിരുന്നു.
മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനേക്കാള്‍ 9375 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമിന് ലഭിച്ചു. കോതമംഗലത്തെ സ്ഥാനാര്‍ഥിയായ പുതുമുഖം ആന്റണിജോണിന് സിറ്റിങ് എംഎല്‍എ ടി യു കുരുവിളയേക്കാള്‍ 19,286 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. ഏറ്റവും കുറവ് ഭൂരിപക്ഷം കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ മാക്‌സിക്കാണ്. സിറ്റിങ് എംഎല്‍എ ഡൊമിനിക് പ്രസന്റേഷനേക്കാള്‍ 1086 വോട്ടുകള്‍ മാത്രമാണ് കൂടുതലായി ലഭിച്ചത്. എസ്ഡിപിഐ-എസ് പി സഖ്യ സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുള്‍ഫിക്കര്‍ അലി 2108 വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചു.
Next Story

RELATED STORIES

Share it