kozhikode local

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആധുനികവല്‍ക്കരണം ഉടന്‍ ആരംഭിക്കുമെന്ന്‌



കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെസ്റ്റില്‍ ഗസ്റ്റ് ഹൗസില്‍ ഇതുസംബന്ധിച്ച അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആധുനിക വല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും നടത്തിപ്പിനായുള്ള ട്രസ്റ്റ് രൂപീകരണത്തില്‍ ധാരണയായിരുന്നില്ല. ഇന്നത്തെ യോഗത്തില്‍ ട്രസ്റ്റ് രൂപീകരണം സംബന്ധിച്ച ധാരണയായി. ആധുനികവല്‍ക്കരണ പ്രവൃത്തികള്‍ക്കൊപ്പം രോഗികളുടെ പുനരധിവാസ പദ്ധതിയും ഉണ്ടാവും. ഇതോടൊപ്പം തന്നെ പഠനകാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിക്കും. ആധുനിക വല്‍ക്കരണവുമായി ബന്ധപ്പെട്ട് ആര്‍ക്കിടെക്റ്റുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വൈകാതെ തന്നെ പദ്ധതി ആരംഭിക്കും. സര്‍ക്കാര്‍, വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വികസന പദ്ധതികള്‍ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, വികെസി മമ്മദ്‌കോയ, ഡോ.എംകെ മുനീര്‍, മേയര്‍ തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട്് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it