കുതന്ത്രങ്ങള്‍ തിരിച്ചടിച്ചു; സിപിഎമ്മിനു വീണ്ടും സിബിഐ പൂട്ട്

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ തകര്‍ന്നടിഞ്ഞത് സിപിഎമ്മിന്റെ കുതന്ത്രങ്ങള്‍. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ തുടക്കംമുതല്‍ ഏരിയാ-ജില്ലാ-സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടുകളും പോലിസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ അട്ടിമറി നീക്കങ്ങളുമാണ് നീതിപീഠത്തെ ചൊടിപ്പിച്ചത്.
കൊലപാതകത്തെ തള്ളിപ്പറഞ്ഞെങ്കിലും പ്രതികളെ കൈയൊഴിയാതെ സിബിഐ അന്വേഷണത്തിനു തടയിടാന്‍ പലവിധ തന്ത്രങ്ങളാണൊരുക്കിയത്. പ്രതികളെ പിടികൂടാന്‍ ദിവസങ്ങളെടുത്ത പോലിസില്‍ നിന്നു വിവരങ്ങള്‍ ചോരുന്നുവെന്ന ജില്ലാ പോലിസ് മേധാവിയുടെ അതൃപ്തിയില്‍ നിന്നാണ് തുടക്കം. പോലിസിലെ സിപിഎം ഫ്രാക്ഷന്‍ ഉപയോഗിച്ച് പ്രതികള്‍ക്കു സുരക്ഷാകവചം ഒരുക്കിയെങ്കിലും അന്വേഷണസംഘത്തലവന്‍ തന്നെ അതൃപ്തി അറിയിച്ചതോടെയാണ് തകിടംമറിഞ്ഞു തുടങ്ങിയത്. ഒരുഭാഗത്ത് കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമായതോടെ പ്രതികളെ പിടികൂടാന്‍ പോലിസ് നിര്‍ബന്ധിതരായി. യഥാര്‍ഥ പ്രതികളെ സംബന്ധിച്ചു ആശയക്കുഴപ്പമുണ്ടാക്കാന്‍ സിപിഎം മുഖ്യപ്രതിയുടെ പിതാവിനെ തന്നെ രംഗത്തിറക്കി. ആദ്യം സംശയം പ്രകടിപ്പിച്ച ദൃക്‌സാക്ഷിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിഞ്ഞത് വഴിത്തിരിവായി.
ഇതിലെല്ലാം അപകടം മണത്ത സിപിഎം ജില്ലാനേതൃത്വം ഇടപെട്ട് സിബിഐ അന്വേഷണത്തിനു തടയിടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീച്ചപ്പോള്‍ ഹൈക്കോടതിയില്‍ നിന്നു കടുത്ത പ്രഹരമാണ് സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടായത്. അതേസമയം, ശുഹൈബ് വധക്കേസ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ വധക്കേസ് വഴിയേയാണു നീങ്ങുന്നതെന്ന സൂചന.
Next Story

RELATED STORIES

Share it