thrissur local

കുണ്ടുകടവ് ചിറ നിര്‍മാണം; മണല്‍ലോറിയും എക്‌സ്‌കവേറ്ററും പിടികൂടി

പുതുക്കാട്: കുറുമാലിപ്പുഴയില്‍ കണ്ടുകടവ് ചിറയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് മണല്‍ കൊണ്ടുപോവുകയായിരുന്ന ലോറിയും ഐസ്‌കവേറ്ററും പോലിസ് പിടികൂടി. അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് വാഹനങ്ങള്‍ പിടികൂടിയത്.
പുതുക്കാട് സിഐയുടെ നിര്‍ദേശ പ്രകാരമാണ് വരന്തരപ്പിള്ളി പോലിസ് വാഹനങ്ങള്‍ പിടികൂടിയതെന്ന് എസ്‌ഐ ജി അജിത്കുമാര്‍ പറഞ്ഞു.
വാഹനങ്ങള്‍ പിടികൂടിയതോടെ മണ്‍ചിറ നിര്‍മാണം തടസ്സപ്പെട്ടു. ചെങ്ങല്ലൂരില്‍ നിന്നും മണ്ണെടുത്ത് കൊണ്ടു പോയിരുന്നത് വ്യാഴാഴ്ച്ച രാവിലെ നാട്ടുകാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് മണ്ണ് വണ്ടികള്‍ കസ്റ്റഡിയിലെടുത്തത്.
പോലിസിന്റെ പരിശോധനയില്‍ മണ്ണ് എടുക്കുന്നതിനോ മണ്ണ് കൊണ്ടുപോവുന്നതിനോ ഉള്ള പാസുകള്‍ ഇല്ലെന്ന് കണ്ടെത്തി. പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി ചിറനിര്‍മാണത്തിന്റെ ചുമതലയുള്ള ജനകീയ കമ്മിറ്റി അംഗങ്ങളും പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളും വരന്തരപ്പിള്ളി പോലിസുമായി ചര്‍ച്ച നടത്തി.
ചിറനിര്‍മാണത്തിന് 200 ലോഡ് മണ്ണ് വേണമെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയ ഉത്തരവിന്റെ കോപ്പി പോലിസിന് കൈമാറിയതോടെ വാഹനങ്ങള്‍ വൈകീട്ടോടെ പോലിസ് വിട്ടുകൊടുത്തത്.
ചിറ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുക്കുവാന്‍ ആളില്ലാത്ത കാരണം രണ്ടു വര്‍ഷമായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിറനിര്‍മാണം നടന്നു വരുന്നത്.
Next Story

RELATED STORIES

Share it