കുണ്ടന്നൂര്‍ ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടനം ഇന്ന്

കൊച്ചി: എറണാകുളം ജില്ലയുടെ വികസനത്തിന് നാഴികക്കല്ലായേക്കാവുന്ന വൈറ്റില -കുണ്ടന്നൂര്‍ ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് മന്ത്രി ജി സുധാകരന്‍  നിര്‍വഹിക്കും. എറണാകുളം നഗരത്തിന്റെ പ്രവേശനകവാടമായ കുണ്ടന്നൂര്‍ വൈറ്റില കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന ജങ്ഷനാണ്. കുണ്ടന്നൂരില്‍ ഒരു ഫ്‌ളൈഓവര്‍ എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നിലവില്‍ വൈറ്റിലയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്. കുണ്ടന്നൂരിലും പാലം നിര്‍മാണം ആരംഭിച്ചുകഴിഞ്ഞാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്ന ആശങ്കയുമുണ്ട്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന തരത്തില്‍ 701 മീറ്റര്‍ നീളത്തില്‍ ആറുവരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിലാണ് ഫ്‌ളൈ ഓവറിന്റെ നിര്‍മാണം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫ്‌ളൈഓവര്‍ പദ്ധതിയുടെ നടത്തിപ്പും മേല്‍നോട്ടവും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍വഹിക്കുന്നത്. 74.45 കോടി രൂപയ്ക്ക് മൂവാറ്റുപുഴയിലെ മേരിമാത കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണത്തിന് കരാറെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. അപ്രോച്ചിന് പരമാവധി വീതി കുറച്ചും സര്‍വീസ് റോഡുകളുടെ വീതി കഴിയുന്നത്ര നിലനിര്‍ത്തിയുമാണ് ഫ്‌ളൈഓവര്‍ രൂപകല്‍പ്പന.
തൃപ്പൂണിത്തുറ ഭാഗത്തു നിന്നും അരൂര്‍ ഭാഗത്തേക്കും അരൂര്‍ ഭാഗത്തു നിന്നും തേവര ഭാഗത്തേക്കും ഗതാഗതം സുഗമമാക്കുന്നതിനായി രണ്ട് സ്ലിപ്പ് റോഡുകളും അണ്ടര്‍പാസും പദ്ധതിയുടെ ഭാഗമാണ്. റോഡിന്റെ ഇരുവശത്തുമായി 14 സ്പാനുകള്‍ വീതമാണ് ഫ്‌ളൈഓവറിനുണ്ടാവുക. ഓരോ സ്പാനിനും 30 മീറ്ററാണ് നീളം. പാലത്തിന് താഴെ ട്രാഫിക് സിഗ്‌നലോടു കൂടിയ റൗണ്ട് എബൗട്ടും സ്ഥാപിക്കും. ദേശീയപാതയിലാണെങ്കിലും പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ടാണ് ഫ്‌ളൈഓവര്‍ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it