കുട്ടിപ്പട്ടാളത്തിന്റെ ഉപയോഗം ഐഎസ് വര്‍ധിപ്പിച്ചതായി റിപോര്‍ട്ട്

വാഷിങ്ടണ്‍: സായുധസംഘമായ ഐഎസിനു വേണ്ടി ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ പോരാട്ടമേഖലകളില്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട കുട്ടിപ്പടയാളികളുടെ എണ്ണം നേരത്തേ കണക്കുകൂട്ടിയതിന്റെ ഇരട്ടിവരുമെന്നു റിപോര്‍ട്ട്.
കഴിഞ്ഞ 13 മാസത്തെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്ന ജോര്‍ജിയ സ്‌റ്റേറ്റ് സര്‍വകലാശാലയി—ലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്.
യുദ്ധമേഖലയില്‍ വിവിധ ചുമതലകള്‍ വഹിച്ച എട്ടിനും 18നും ഇടയില്‍ പ്രായമുള്ള 89 കുട്ടികള്‍ ഇക്കാലയളവില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2014മായി തട്ടിച്ചുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മരണനിരക്ക് മൂന്നിരട്ടി വരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
2015-2016 കാലത്ത് കാര്‍ബോംബ് ആക്രമണത്തിന് നിയോഗിക്കപ്പെട്ടതിലൂടെ 39 ശതമാനം കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ 33 ശതമാനം യുദ്ധത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നു റിപോര്‍ട്ട് പ്രസിദ്ധീകരിച്ച വെസ്റ്റ് പോയിന്റിലെ യുഎസ് മിലിറ്ററി കോംബാറ്റിങ് ടെററിസം സെന്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍, യഥാര്‍ഥ കണക്കുകള്‍ ഇതിലേറെ വരുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ പേരൊ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങളൊ ഐഎസ് പുറത്തുവിടാറില്ല. കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. ആറു ശതമാനം പേര്‍ എട്ടിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്.
പകുതിയിലധികം പേരും കൊല്ലപ്പെട്ടത് ഇറാഖിലാണെങ്കിലും ഇവരില്‍ മിക്കവരുടെയും സ്വദേശം സിറിയയാണ്. യമന്‍, സൗദി അറേബ്യ, തുണീസ്യ, ലിബിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ത്രേലിയ, നൈജീരിയ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും കൊല്ലപ്പെട്ടവരില്‍ പെടും.
Next Story

RELATED STORIES

Share it