കുട്ടികള്‍ വായിക്കേണ്ട ഒരു കൃതിയെപ്പറ്റി

വെട്ടും തിരുത്തും  -  പി എ എം ഹനീഫ്
അബ്ദുല്‍ ജബ്ബാര്‍ കൂരാരി എന്ന എഴുത്തുകാരന്‍ അത്രമേല്‍ പ്രശസ്തനൊന്നുമല്ല. പ്രശസ്ത എഴുത്തുകാരന്‍ വി എ കബീറിന്റെ സഹോദരനാണദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ജനിച്ച അബ്ദുല്‍ ജബ്ബാര്‍ അറബ് സാഹിത്യത്തിലും കലയിലും വേണ്ടത്ര വായനയും പഠനവും നിര്‍വഹിച്ച വ്യക്തി കൂടിയാണ് എന്നു മനസ്സിലായത്, റമദാന്‍ മാസത്തില്‍ കുട്ടികള്‍ക്കു വായിക്കാന്‍ കുറച്ചു പുസ്തകങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ 101 ഖുര്‍ആന്‍ കഥകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ്. ഇത്തരം പുസ്തക രചയിതാക്കള്‍ എന്തു കാരണത്താലാണ് മലയാള മുഖ്യധാരയില്‍ പ്രവേശിക്കാത്തത് എന്നത് എന്നില്‍ കൗതുകം വളര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആന്‍ തര്‍ജമകള്‍ ഉണ്ടായിത്തുടങ്ങിയ കാലം തൊട്ടേ വിവിധ സൂറകളുമായി ബന്ധപ്പെട്ട നൂറുനൂറു കഥകള്‍ മദ്‌റസകളില്‍ ഉസ്താദുമാര്‍ കുട്ടികള്‍ക്കു ചൊല്ലിക്കൊടുത്തു. വഅഌ പരമ്പരകളില്‍ ഖുര്‍ആന്‍ യഥാവിധി പഠിച്ചവര്‍ മേമ്പൊടിക്കെന്നോണം ഖുര്‍ആന്‍ കഥകള്‍ ഇടയ്ക്കിടെ ചെലുത്തി. ഇതില്‍ക്കൂടുതലൊന്നും ഖുര്‍ആന്‍ കഥകള്‍ക്കു മലയാളത്തില്‍ അധികശ്രദ്ധ ലഭിച്ചിട്ടില്ല.
അഹ്മദ് ബഹ്ജത് എന്ന അറബ് ഗ്രന്ഥകാരന്റെ 'ഖുര്‍ആനിലെ ജന്തുകഥകള്‍' വന്നതോടെയാണ് പ്രസാധകര്‍ മുഖ്യമായും ഈ കഥാശാഖയിലേക്കു തെല്ലെങ്കിലും ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്. അബ്ദുല്‍ ജബ്ബാറിനെപ്പോലെ അറബിഭാഷയും സാഹിത്യവും വിളക്കുവച്ച് പഠിച്ചവര്‍ തങ്ങളുടെ ആര്‍ജിത വിജ്ഞാനങ്ങള്‍ ജുമുഅ ഖുതുബകളിലൂടെ ജനങ്ങള്‍ക്കെത്തിച്ചപ്പോള്‍ ഖുര്‍ആന്‍ കഥകളും പ്രചരിക്കാന്‍ തുടങ്ങി.
ഇസ്‌ലാമിലെ ത്യാഗിവര്യന്‍മാര്‍ തൊട്ട് ഇപ്പോള്‍ അച്ചടിശാലയിലുള്ള '10 ഇമാമുകള്‍' എന്ന ഗ്രന്ഥം വരെ നീളുന്നു അന്വേഷിച്ചറിഞ്ഞപ്പോള്‍ അബ്ദുല്‍ ജബ്ബാറിന്റെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍. സത്യങ്ങളും അസത്യങ്ങളും ധര്‍മവും അധര്‍മവുമടക്കം പൊരിഞ്ഞ പോരാട്ടങ്ങളുടെ അതിശയിപ്പിക്കുന്ന ചരിത്രങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഓരോ അധ്യായത്തിലുമുണ്ട്. അത്യന്തം ലളിതമായ മലയാള ശൈലിയിലൂടെ അബ്ദുല്‍ ജബ്ബാര്‍ സമാഹരിച്ച 101 കഥകള്‍ കുട്ടികളില്‍ വായനാ കൗതുകം വളര്‍ത്താന്‍ ഏറെ ഉപകാരപ്രദമാണ്.
ഖുര്‍ആനിലെ ചില നിര്‍ദേശങ്ങള്‍, തത്ത്വദര്‍ശനങ്ങള്‍, പ്രവാചകന്‍മാരുടെ ജീവിതാനുഭവങ്ങള്‍, അഹങ്കാരികളായ ഫറോവമാരുടെ പത്തികള്‍ തല്ലിത്താഴ്ത്തിയ വിചിത്രസംഭവങ്ങള്‍ എന്നിവയൊക്കെ ജീവിച്ചിരിക്കുന്നവര്‍ക്ക് പാഠങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി ഗ്രന്ഥകാരന്‍ മധുരമുള്ള ഭാഷാശൈലിയില്‍ വിവരിക്കുന്നു.
ഉദാ: ഖുര്‍ആന്‍ 21: 78-79ലുള്ള ''ദാവൂദിനും സുലൈമാനും (നാം അനുഗ്രഹം നല്‍കി). അവര്‍ ഒരു വയലില്‍ തീര്‍പ്പ് കല്‍പിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. ആ വയലില്‍ നിശാവേളയില്‍ മറ്റുള്ളവരുടെ ആടുകള്‍ കടന്നു. അവ മേയുകയായിരുന്നു. അവരുടെ നീതിനിര്‍വഹണത്തിന് നാം തന്നെ ദൃക്‌സാക്ഷി ആയിരുന്നു. അന്നേരം സുലൈമാന് നാം ശരിയായ വിധി മനസ്സിലാക്കിക്കൊടുത്തു. വിധി വിജ്ഞാനവും അറിവുമാവട്ടെ, നാം ഇരുവര്‍ക്കും അരുളിയിട്ടുണ്ടായിരുന്നു.''
തികച്ചും വ്യത്യസ്തമായ മൊഴിമാറ്റം മൊബൈല്‍ ആപ്പില്‍ വായിച്ചതിനാലാണ് ജബ്ബാറിന്റെ മൊഴിമാറ്റം എടുത്തുചേര്‍ത്തത്. 78- ദാവൂദിന്റെയും സുലൈമാന്റെയും കാര്യം ഓര്‍ക്കുക. അവരിരുവരും ഒരു കൃഷിയിടത്തിന്റെ പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ കടന്ന് വിള തിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു.
അജഗജാന്തരം എന്നൊക്കെ പറയാവുന്ന മൊഴിമാറ്റരീതി. വിശുദ്ധഗ്രന്ഥങ്ങള്‍ മൊഴി മാറ്റുമ്പോള്‍ ഭാഷയില്‍ സ്വീകരിക്കേണ്ട പ്രാഥമികബോധങ്ങള്‍ പോലും രണ്ടാമതു സൂചിപ്പിച്ച മൊഴിമാറ്റത്തില്‍ ഇല്ല എന്നതു ശ്രദ്ധിക്കുക.
വാക്കുകള്‍ക്കും ആത്മീയതയ്ക്കും തലമുണ്ട്. 'ആ വയലില്‍ നിശാവേളയില്‍' എന്നത് ജബ്ബാറിന് ഖുര്‍ആന്‍ ഹൃദിസ്ഥമായതിന്റെ തെളിവും മൊബൈല്‍ ആപ്പിലെ തര്‍ജമയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാവാത്തതിന്റെ സാങ്കേതികമായ ന്യൂനതകളും തെളിഞ്ഞുകാണാം.
സുലൈമാന്‍ നബിക്ക് 11 വയസ്സുള്ളപ്പോള്‍ കണ്ട വ്യക്തിവൈശിഷ്ട്യത്തെ അബ്ദുല്‍ ജബ്ബാര്‍ കൂരാരി തനി നാടന്‍ മലയാളശൈലിയില്‍ പ്രതിപാദിക്കുന്നു. മൂസാനബിയുടെ വിജ്ഞാനയാത്ര, ദുല്‍ഖര്‍നൈനും യഅ്ജൂജ്-മഅ്ജൂജും എടുത്തുപറയേണ്ട പ്രത്യേക കഥകളാണ്.
കുട്ടികൃഷ്ണമാരാര്‍ ഉണര്‍ത്തുന്ന ഒരു കാര്യമുണ്ട്: 'ഗ്രന്ഥകാരനെ ആവോളം ആസ്വദിച്ചേ തര്‍ജമയ്ക്കിറങ്ങാവൂ.'
ഖുര്‍ആന്‍ ആധാരമാക്കി മൊഴിമാറ്റ കൃതികള്‍ പുറപ്പെടുവിക്കുന്നവര്‍ ഈ ചൊല്ല് ഹൃദിസ്ഥമാക്കണം. അബ്ദുല്‍ ജബ്ബാര്‍ കൂരാരി, മാരാരുടെ കണ്ടെത്തലിനെ നൂറുശതമാനം സാധൂകരിച്ചിരിക്കുന്നു ഈ മനോഹരകൃതിയില്‍.
Next Story

RELATED STORIES

Share it