thrissur local

കുട്ടികളോടുള്ള ജാഗ്രത മാതാപിതാക്കളുടെ കൈകളിലെന്ന് പോക്‌സോ സെമിനാര്‍

കൊടകര: കുട്ടികളോടുളള ജാഗ്രത മാതാപിതാക്കളുടെ കൈകളിലാണെന്ന് അസി. സെഷന്‍സ് ജഡ്ജും ഡി എല്‍ എസ് എ സെക്രട്ടറിയുമായ മുജീബ് റഹ്മാന്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊടകര ഗ്രാമപഞ്ചായത്ത് സംയുക്തമായി കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പോക്‌സോ നിയമവും കുട്ടികളും വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കായി വിടുന്ന സാഹചര്യമുണ്ടാകരുത്. കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 50 ശതമാനം കേസുകളും വീട്ടിലാണുണ്ടാകുന്നത്. മുപ്പതുശതമാനം പരിചിതരില്‍ നിന്നും ഇരുപതു ശതമാനം അപരിചിതരില്‍ നിന്നുമാണുണ്ടാകുന്നത്. ഇതു തടയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ അഭിമാനം, സ്വാകാര്യത, ജീവിക്കാനുളള അവകാശം ഉറപ്പാക്കേണ്ടതും മാതാപിതാക്കളാണ്. മാതാപിതാക്കള്‍ കുട്ടികളെ സംരക്ഷിക്കുമ്പോഴും കുട്ടികള്‍ സ്റ്റേറ്റിന്റേതാണെന്ന കടമ മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, മോശമായ രീതിയിലുളള കൂട്ടുകെട്ട് തുടങ്ങിയ കാര്യങ്ങള്‍ മാതാപിതാക്കള്‍ കൃത്യമായി വീക്ഷിച്ച് അവയെക്കുറിച്ച് ശരിയായ ധാരണയുണ്ടാക്കിക്കൊടുക്കണം. കുട്ടികളോടുളള പെരുമാറ്റത്തില്‍ നമ്മുടെ അനാരോഗ്യപരമായ ചിന്തമാറ്റണം എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കൊടകര ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് അമ്പിളി സോമന്‍ സെമിനാര്‍ ഉദ്ഘാനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. അടുത്ത  പോക്‌സോ സെമിനാര്‍ 9 ന് തൃശൂര്‍ ഡയറ്റില്‍ നടക്കും.
Next Story

RELATED STORIES

Share it