കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് അഞ്ചു പേരെ തല്ലിക്കൊന്നു

മുംബൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെ ധുലെ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. സോലാപൂര്‍ ജില്ലാ നിവാസിയായ ദാദറാവ് ഭോസാലെയാണ് കൊല്ലപ്പെട്ടത്. വാട്ട്‌സ്ആപ്പ് വഴി ഊഹാപോഹം പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ആള്‍ക്കൂട്ട ആക്രമണം.
റെയിന്‍പാഡ ആദിവാസി ഗ്രാമത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം ബസ്സിറങ്ങിയ അഞ്ചു പേരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍, ഗ്രാമീണര്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രദേശത്ത് സജീവമാണെന്ന് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.
കല്ലും വടിയും ഉപയോഗിച്ചുള്ള മര്‍ദനത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടത്. അവശരായ ഇവരെ മുറിയില്‍ അടയ്ക്കുകയും മര്‍ദനം തുടരുകയും ചെയ്തു. അക്രമത്തിനിടെ രണ്ടു പോലിസുകാര്‍ക്കും പരിക്കേറ്റു. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ചന്തയില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഗ്രാമത്തിലെ 250ഓളം പേര്‍ ഗ്രാമം വിട്ടതായി ധുലെ എസ്പി എം രാംകുമാര്‍ പറഞ്ഞു. അക്രമത്തിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതിനിടെ, സമാനമായ സംഭവം ചെന്നൈയിലും ഉണ്ടായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടു പേരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും പിന്നീട് പോലിസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമാനമായ സംഭവങ്ങള്‍ അടുത്ത കാലത്തായി കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ത്രിപുരയില്‍ കഴിഞ്ഞ ദിവസം ഇത്തരം ഊഹാപോഹങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്നയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. മിക്കയിടത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങളാണ് അക്രമത്തിനു ഹേതുവായത്. കൂടുതലും ഇതര സംസ്ഥാനക്കാരാണ് ആക്രമണത്തിന് ഇരയാവുന്നത്.
Next Story

RELATED STORIES

Share it