Alappuzha local

കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ രജിസ്റ്റര്‍ തയ്യാറാക്കും

ആലപ്പുഴ: കുട്ടനാട്ടിലെ ഓരോ ഗ്രാമപ്പഞ്ചായത്തുകളിലുമുള്ള  കാന്‍സര്‍ രോഗികളുടെ എണ്ണം സംബന്ധിച്ച കൃത്യമായ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ജില്ലാ വികസനസമിതിയോഗത്തില്‍ നിര്‍ദ്ദേശം. സംസ്ഥാന തലത്തിലുള്ള കാന്‍സര്‍ രോഗികളുടെ എണ്ണവുമായി  കാര്യമായ വ്യതിയാനം ജില്ലയില്‍ പ്രകടമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് ജില്ലാവികസന സമിതി യോഗത്തില്‍ അധ്യക്ഷ്യം  വഹിച്ച്  ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.
ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും  അതില്‍ ഈ പ്രദേശങ്ങളിലെ ക്യാന്‍സര്‍ രോഗികളുടെ കൃത്യമായ എണ്ണം അറിയാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ വികസന സമിതി യോഗത്തില്‍ പറഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം കുട്ടനാട്ടില്‍ കാന്‍സര്‍  വ്യാപകമാക്കുന്നതായുള്ള പരാതി കഴിഞ്ഞ വികസനസമിതയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എംഎന്‍ചന്ദ്ര പ്രകാശ്  ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്നാണ്  ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വികസന സമിതി യോഗത്തില്‍ വച്ചത്. ചമ്പക്കുളം 50, നെടുമുടി 42, രാമങ്കരി 60, തലവടി 40, എടത്വ 44, തകഴി 89, കാവാലം 80, പുളിങ്കുന്ന് 40, വെളിയനാട് 28, മുട്ടാര്‍ 32, നീലംപേരൂര്‍ 57 എന്നിങ്ങനെയാണ്  പാലിയേറ്റീവ് ക്ലിനിക്കില്‍  എത്തിയവരുടെ എണ്ണം. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്‌നം രൂക്ഷമാണെന്നും അതിന് എത്രയുംവേഗം പരിഹാരം കാണണമെന്നും യോഗത്തല്‍ തോമസ് ചാണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു.
താല്‍ക്കാലിക സംവിധാനം  എങ്കിലും ഒരുക്കി പരിഹാരം കാണാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. ഭൂതപ്പണ്ടം കായലിന് ചുറ്റും ബണ്ട് നിര്‍മ്മിക്കുന്നതിനും മല്‍സ്യകൃഷി നടത്തുന്നതിനും പ്രോജക്റ്റ് ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അഡാക്ക്, ഹാര്‍ബര്‍ എന്‍ജിനീയര്‍ വിഭാഗം എന്നിവരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്തിലെ 237 കര്‍ഷകര്‍ക്ക് വിള നശിച്ചതിനുള്ള ഇന്‍ഷുറന്‍സ് തുക തീയതിയിലെ പിശക് പരിഹരിച്ച് എത്രയും വേഗം  നല്‍കുന്നതിനാവശ്യമായ തീരുമാനം  ദ്രുതഗതിയിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടുകളിലെ ടോയ്‌ലറ്റ് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഒരു കോടി രൂപ മുടക്കി സൂര്യതാപം കൊണ്ട് ഓടുന്ന ഫൈബര്‍ ബോട്ട് വാങ്ങുന്നതിനു സര്‍ക്കാര്‍ ഉത്തരവു പ്രകാരം അനുമതി ലഭിച്ചിട്ടുള്ളതായി ജലഗതാഗത വകുപ്പ് അറിയിച്ചു. കൈനകരിയില്‍ തോട്ടിലൂടെ ബോട്ട് ഓടുന്നില്ലെന്നും പാലം പണിയുന്നതിനായി കുറ്റി അടിച്ചത് വേഗം ഊരി മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കരാറുകാരന് നല്‍കിയിട്ടുള്ളതാണെന്ന് പരാതിക്ക് മറുപടിയായി  എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, പിഡബഌയുഡി (റോഡ്‌സ്) അറിയിച്ചു.
ഇതോടെ ഇതുവഴി ബോട്ട് ഓടിക്കാന്‍ കഴിയും.ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാര്‍ച്ചിന് മുമ്പ് പരമാവധി പദ്ധതികള്‍പൂര്‍ത്തിയാക്കണമെന്ന് യോഗം നിര്‍ദ്ദശേിച്ചു. എം.പി മാര്‍, എംഎല്‍എ മാര്‍, എന്നിവരുടെ  പദ്ധതി പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സത്യപ്രകാശ് യോഗത്തില്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it