Alappuzha local

കുട്ടനാട്ടിലെ കര്‍ഷക കൂട്ടായ്മയില്‍ കേന്ദ്ര കൃഷി സഹമന്ത്രിയെത്തി



ആലപ്പുഴ: കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായത്തിലൂടെ ജൈവകൃഷി വ്യാപിപ്പിക്കുന്നതിനായി മൂന്നുവര്‍ഷംകൊണ്ട് 597 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സുദര്‍ശന്‍ ഭഗത് പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം കുട്ടനാട്ടിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായ പദ്ധതിയുടെ ഗുണഫലങ്ങള്‍ വിലയിരുത്താന്‍ മുട്ടാര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ഓടെ കൃഷിക്കാരുടെ വരുമാനം രണ്ടിരട്ടിയായി വര്‍ധിപ്പിക്കാന്‍ സംയോജിത കൃഷി രീതികള്‍ക്ക് പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. കൃഷിക്കൊപ്പം താറാവ്, മത്സ്യം, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയ കൃഷിക്കും കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. രാസവളങ്ങളുടെ ഉപയോഗം മൂലം മണ്ണിന്റെ ജൈവസന്തുലനത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. ജൈവകൃഷിയിലൂടെ മണ്ണിന്റെ ഗുണം വീണ്ടെടുക്കുന്നതിനു പ്രധാന്യം നല്‍കുന്നു. ആവശ്യത്തിനു മാത്രം വളപ്രയോഗം നടത്തി മണ്ണിനെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നു. കൃഷി നാശമുണ്ടായാല്‍ കര്‍ഷകര്‍ക്ക് സഹായമെത്തിക്കാന്‍ പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കഴിയും. വരള്‍ച്ചയുള്ള സ്ഥലങ്ങളില്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കി-മന്ത്രി പറഞ്ഞു. സമുദ്രനിരപ്പില്‍നിന്ന് ഏറെ താഴ്ന്ന പ്രദേശത്ത് പ്രതികൂല സാഹചര്യങ്ങളില്‍ പോലും കൃഷിയിറക്കി നേട്ടം കൊയ്യുന്ന ആലപ്പുഴയിലെ കര്‍ഷകരെ മന്ത്രി അഭിനന്ദിച്ചു. ജൈവകൃഷിയിലൂടെ വിളയിച്ച നെല്ലിന്റെ അരി നല്‍കിയാണ് മന്ത്രിയെ കര്‍ഷകര്‍ വരവേറ്റത്. മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി തുടരാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുമായി മന്ത്രി സംവദിച്ചു. ദേശീയതലത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി പദ്ധതി സംസ്ഥാനത്ത് മുട്ടാര്‍ പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ നടപ്പാക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പുത്തന്‍ കൃഷി സമ്പ്രദായങ്ങളെ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുന്ന പദ്ധതിയാണിത്. ബംഗളുരു സോണല്‍ ഡയറക്ടര്‍ ഡോ. ശ്രീനാഥ് ദീക്ഷിത്, സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി കൃഷ്ണകുമാര്‍, മുട്ടാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍, കുമ്മനം രാജശേഖരന്‍, കെവികെ മേധാവി ഡോ. പി മുരളീധരന്‍, കൃഷി ഓഫീസര്‍ ശ്രീകുമാരപണിക്കര്‍, ജനപ്രതിനിധികള്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it