Kottayam Local

കുടുംബശ്രീയുടെ കാംപയിന്‍ 'നീതം 2018' അയല്‍ക്കൂട്ടങ്ങളില്‍ നടത്തി

കോട്ടയം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്യഷ്ടിക്കുക  എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന കാംപയിന്‍ നീതം 2018 ജില്ലയിലെ അയല്‍ക്കൂട്ടങ്ങളില്‍ നടത്തി. ജില്ലയിലെ അയല്‍ക്കൂട്ടതലത്തില്‍ നടന്ന പരിപാടികള്‍ക്കു വലിയ സ്വീകാര്യതയാണു ലഭിച്ചത്. അയല്‍ക്കൂട്ടങ്ങളില്‍ നീതം 2018 കാംപയിന്റെ ഭാഗമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് അയല്‍ക്കൂട്ടതല മാപ്പിങ്, അതിക്രമം വ്യക്തമാക്കുന്ന സ്വയംപഠന പ്രവര്‍ത്തനം, പുരുഷന്മാരുടെ പങ്കാളിത്തത്തോടെ ചര്‍ച്ച, കുടുംബ സംഗമം, സ്‌നേഹവിരുന്ന്, ബലൂണ്‍ പറത്തല്‍, വൃക്ഷത്തൈകള്‍ നടല്‍, അതിക്രമങ്ങളുടെ പത്രവാര്‍ത്തകള്‍ കോര്‍ത്തിണക്കി കോളാഷ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഗമത്തിനു മിഴിവേകി. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കന്‍മാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ത്രീ സൗഹൃദ പ്രദേശമാക്കി മാറ്റാനുള്ള അടുത്ത ഒരു വര്‍ഷത്തെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംസ്‌കാരിക നേതാക്കള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി. ഡിഎംസി സുരേഷ് പി എന്‍, എഡിഎംസിമാരായ സാബു സി മാത്യൂ, ടിജി പ്രഭാകരന്‍, ജെന്‍ഡര്‍ ഡിപിഎം ഉഷാദേവി, ഡിപിഎംമാര്‍, ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍, എംഇസിമാര്‍, പ്രത്യേകം പരിശീലനം സിദ്ധിച്ച പരിശീലകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.അയല്‍ക്കൂട്ടതല ചര്‍ച്ചകളുടെ റിപോര്‍ട്ട് വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ചു.തുടര്‍ന്ന് ഓരോ സിഡിഎസിലും 17ന് നടക്കുന്ന സഹയാത്ര സംഗമത്തില്‍ ഓരോ അയല്‍ക്കൂട്ട പ്രദേശത്ത് നിലനില്‍ക്കുന്ന അതിക്രമങ്ങളെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ റിപോര്‍ട്ട് അവതരിപ്പിക്കും. അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെയും, പരമ്പരാഗത കലാരൂപങ്ങളുടെയും പ്രദര്‍ശനവും നടത്തും. പിന്നീട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ഷോട്ട്ഫിലിമുകളുടെ അവതരണവും നടക്കും.
Next Story

RELATED STORIES

Share it