thrissur local

കുടിവെള്ള ശുചീകരണം: സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലേക്ക്

തൃശൂര്‍: പ്രളയബാധിത മേഖലകളിലെ കുടിവെളള സ്രോതസ്സകളുടെ ശുദ്ധീകരണത്തിനായി യുണിസെഫിന്റെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകര്‍ പഞ്ചായത്തുകളിലേക്ക് കഴിഞ്ഞ ദിവസം ടൗണ്‍ഹാളില്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷമാണ് അറുനൂറിലേറെ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള സന്നദ്ധപ്രവര്‍ത്തകരെ പഞ്ചായത്തുകളില്‍ നിയോഗിച്ചത്. ഇവര്‍ വാര്‍ഡ്തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലുളള ശുചീകരണ സേനയ്‌ക്കൊപ്പം ചേര്‍ന്ന് സാമ്പിള്‍ സര്‍വെ നടത്തി. ആദ്യപടിയൊന്നോണം പത്ത് പഞ്ചാത്തുകളിലാണ് യുണിസെഫിന്റെ പരിശീലനം നേടിയ വളണ്ടിയര്‍മാരെ നിയോഗിച്ചത്. അതത് വാര്‍ഡുകളിലെ കുടിവെളളത്തിന്റെ ശുദ്ധി, ക്ലോറിന്‍നില, കുടിവെളള സ്രോതസ്സുകളുടെ എണ്ണം എന്നിവ പരിശോധിക്കുക ആവശ്യമെങ്കില്‍ ക്ലോറിനേഷനോ സൂപ്പര്‍ ക്ലോറിനേഷനോ നടത്തുക. ക്ലോറിന്‍ കലര്‍ന്ന ജലം ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നിവയാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ചുമതല. ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റേഴ്‌സ്, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഈ സന്നദ്ധസംഘം. ഒരു വാര്‍ഡില്‍ നാല് സംഘങ്ങളായാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ക്ലോറിന്‍ പരിശോധനക്കാവശ്യമായ കിറ്റും ഇവര്‍ക്ക് നല്‍കി കഴിഞ്ഞു. ജില്ലാ ഭരണകൂടവും യൂണിസെഫ് പ്രതിനിധികളും ചേര്‍ന്നാണ് ജലശുദ്ധീകരണത്തിനും ജലജന്യരോഗങ്ങള്‍ പടരാതിരിക്കാനും ഇത്തരമൊരു സന്നദ്ധ സേനയ്ക്ക് രൂപം നല്‍കിയത്.ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലയില്‍ വിവിധ കോളജുകളില്‍ നിന്നായി 628 വിദ്യാര്‍ത്ഥികളും 171 ആശാവര്‍ക്കര്‍മാരും 68 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും 16 കുടുംബശ്രീ കോര്‍ഡിനേറ്റര്‍മാരും 3 ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍മാരും 30 മറ്റുളളവരും ഉള്‍പ്പെടെ 916 പേര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ടി വി അനുപമ ആമുഖപ്രഭാഷണം നടത്തി. സേനയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി ജില്ലാ കളക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തന പദ്ധതിയെപ്പറ്റി ചീഫ് കണ്‍സള്‍ട്ടന്റും മുന്‍ ജില്ലാ കളക്ടറുമായ ഡോ. വി കെ ബേബി സംസാരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി വി സതീശന്‍ ക്ലാസ്സെടുത്തു. നബാര്‍ഡ് എ ഡി എം ദീപ പിളള സ്വാഗതും പറഞ്ഞു. സബ് കളക്ടര്‍ ഡോ. രേണുരാജിനാണ് സന്നദ്ധ സേനയുടെ ഏകോപന ചുമതല. സാമ്പിള്‍ സര്‍വെ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. വി കെ ബേബിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അതത് പഞ്ചായത്തുകള്‍ക്കടുത്തുളള കോളേജുകളിലെ വിദ്യാര്‍ത്ഥികളെ അതത് പഞ്ചായത്തുകളില്‍ നിയോഗിക്കും. മുന്നൊരുക്കത്തോടെ ബുധനാഴ്ച (സെപ്തംബര്‍ 5) മുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലും പിന്നീട് 3 മാസത്തിലൊരിക്കലും പിന്നീട് ആഴ്ചയില്‍ ഒരു തവണ ക്ലോറിനേഷന്‍ നടത്തി ജലസ്രോതസ്സകുളെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. ക്ലോറിനേഷന്‍ നടത്തിയ ജലം ഒരു മണിക്കൂറിന് ശേഷം തിളപ്പിച്ചാറ്റിയേ ഉപയോഗിക്കാന്‍ പാടുളളൂവെന്ന് ആരോഗ്യകേരളം ജില്ലാ മാനേജര്‍ ഡോ. ടി വി സതീഷന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it