kannur local

കുടിവെള്ള വിതരണ പ്രതിസന്ധി: സംയുക്ത പരിശോധന നടത്തി

ചെറുപുഴ: ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് പ്രതിസന്ധിയിലായെന്ന ജലഅതോറിറ്റിയുടെ പരാതിയില്‍ കലക്്ടറുടെ നിര്‍ദേശപ്രകാരം ജലഅതോറിറ്റി, ചെറുകിട ജലവിഭവ വകുപ്പ്, ചെറുപുഴ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ ചെറുപുഴ തടയണയില്‍ സംയുക്ത പരിശോധന നടത്തി.
തടയണയില്‍ സംഭരിച്ചിട്ടുള്ള വെള്ളം തുറന്നുവിട്ട് കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു സംയുക്ത സമിതിയുടെ പരിശോധന. ജല അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ പി മനോഹരന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി കെ ശ്രീവല്‍സന്‍, അസി. എന്‍ജിനീയര്‍ ടി വി ശ്രീനേഷ്, ചെറുകിട ജലസേചന വകുപ്പ് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി സുഹാസിനി, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ ഗോപകുമാര്‍, അസി. എന്‍ജിനീയര്‍ സി എം മധുസൂദനന്‍, പഞ്ചായത്തംഗം ലളിത ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ തടയണയില്‍ പരിശോധന നടത്തിയത്. തടയണ സ്ഥിതി ചെയ്യുന്ന കാര്യങ്കോട് പുഴയില്‍ നിലവില്‍ നീരൊഴുക്കുള്ള കോലുവള്ളി, ആവുള്ളാംകയം എന്നിവിടങ്ങളിലും നീരൊഴുക്ക് നിലച്ച കൊല്ലാട കയം, നെടുങ്കല്ല്, ചെമ്മരംകയം പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു.
തടയണ തുറന്നുവിട്ടാലും നീരൊഴുക്ക് ശക്തിപ്പെട്ട് നിലവില്‍ ജല അതോറിറ്റി വെള്ളമെടുക്കുന്ന കാക്കടവിലേക്ക് വെള്ളമെത്തില്ലെന്ന നാട്ടുകാരുടെ ആരോപണം ശരിവയ്ക്കുന്ന കണ്ടെത്തലാണ് സംഘത്തിന്റെ പരിശോധനയിലും വ്യക്തമായതെന്നാണ് സൂചന. പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ റിപോര്‍ട്ട് ഓരോ വകുപ്പും പ്രത്യേകമായി കലക്്ടര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാവും. എന്നാല്‍ തടയണയിലെ വെള്ളം തുറന്നുവിടുന്നതിനെതിരേ പ്രദേശത്തെ കര്‍ഷകരും നാട്ടുകാരും കടുത്ത പ്രതിഷേധത്തിലാണ്. തടയണ തുറക്കുന്നത് സംബന്ധിച്ച് മുമ്പ് രണ്ടുതവണ ചെറുകിട ജലവിഭവ വകുപ്പ് പരിശോധനക്കെത്തിയിരുന്നു. പിന്നാലെ തടയണയിലെ വെള്ളം തുറന്നുവിടാന്‍ പഞ്ചായത്ത് ഇടപെടണമെന്ന് കലക്്ടര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ജനപ്രതിനിധികള്‍ കഴിഞ്ഞദിവസം കലക്്ടറെ നേരില്‍ കണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it