malappuram local

കുടിവെള്ള വിതരണത്തിലെ വീഴ്ച : മലപ്പുറം നഗരസഭായോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി



മലപ്പുറം: കുടിവെള്ള വിതരണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച്് മലപ്പുറം നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. 24 ദിവസമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും കുടിവെള്ളമെത്തിക്കുന്നുണ്ടെന്ന ഭരണപക്ഷത്തിന്റെ വാദത്തിനിടെയായിരുന്നു വാക്കൗട്ട്്. നേരത്തെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ വാര്‍ഡിലും ലോറിയില്‍ വെള്ളമെത്തിക്കാന്‍ നാലായിരം രൂപ വീതം അനുവദിച്ചിരുന്നു. ഇതിന് പുറമേ സന്നദ്ധസംഘടനകളുടെ സഹായവുമുണ്ട്. എന്നാല്‍, ഒരു മോട്ടോര്‍ ഇനിയും വാങ്ങിയില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത്് കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. മുന്‍ കൗണ്‍സിലില്‍ ചാമക്കയം തടയണയോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ കിണറില്‍ നഗരസഭയിലേക്ക് ആവശ്യമായ വെള്ളമുണ്ടെന്നു കണ്ടെത്തിരുന്നു. കിണറില്‍നിന്നു വെള്ളം എടുക്കാന്‍ മോട്ടോര്‍ പമ്പ്‌സെറ്റ് വാങ്ങിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, 15,000 രൂപ വില വരുന്ന പമ്പ് സെറ്റ് വാങ്ങിക്കാന്‍ പ്രാരംഭ നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ലെന്നത് പ്രതിപക്ഷം കൗണ്‍സിലില്‍ ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവ് ഒ സഹദേവനാണ് ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. ആയിരക്കണക്കിന് ജനങ്ങളെ കഷ്ടത്തിലാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിനുശേഷം മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാങ്ങുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ ഫയലുകള്‍ നീങ്ങാത്തതാണു പ്രശ്‌നത്തിനു കാരണമെന്നും പറഞ്ഞ് ഭരണപക്ഷം തള്ളി. വളരെയധികം ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ നഗരസഭ കാണിക്കുന്ന അലംബാവം നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും, ഫണ്ട് വകമാറ്റി ചെലവഴിച്ചതാണു മോട്ടോര്‍ പമ്പ്‌സെറ്റ് വാങ്ങിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷം ഉന്നയിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാതെയുള്ള കൗണ്‍സിലില്‍ ഇരിക്കാന്‍ സാധിക്കുകയില്ലെന്ന് കാണിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ച് പുറത്തുപോവുകയായിരുന്നു. എന്നാല്‍, വരള്‍ച്ച നേരിടുന്നതില്‍ ഇടതു സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും വാട്ടര്‍ കിയോസ്‌കുകളിലൂടെ വെള്ളമെത്തിക്കുമെന്ന തദ്ദേശ സ്വയംഭരണ മന്ത്രിയുടെ വാഗ്ദാനം തട്ടിപ്പാണെന്നും ഭരണപക്ഷം ആരോപിച്ചു. മലപ്പുറം നഗരപരിധിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കില്‍ ഒരുതുള്ളിവെള്ളം പോലും എത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ലെന്ന് മുസ്്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 16ന് മലപ്പുറത്ത് കുടിവെള്ള വിതരണം തുടങ്ങിയപ്പോള്‍ പല നഗരസഭകളിലും ഇപ്പോള്‍ മാത്രമാണു ടെണ്ടര്‍ പോലും വിളിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എ സലീം പറഞ്ഞു. ജില്ല കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ ഒരു അവലോകന യോഗം പോലും വിളിക്കാന്‍ ജില്ലയിലുള്ള മന്ത്രി തയ്യാറായിട്ടില്ല. കുടിവെള്ള വിതരണത്തിന് വെറും 15 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഇത് വര്‍ധിപ്പിക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി നിഷ്‌ക്രിയമാണ്. ഇരുപക്ഷത്തിന്റെയും വാദപ്രദിവാദങ്ങള്‍ക്കിടെ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ നിന്നു ഇറങ്ങിപ്പോവുകയായിരുന്നു. നഗരസഭയുടെ സീറോ വേസ്റ്റ് പദ്ധതി കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിതരസംഘടനകളെ നിയോഗിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 110 കെവി സബ്‌സ്‌റ്റേഷന്‍ മുണ്ടുപറമ്പ് മുതല്‍ സിവില്‍ സ്‌റ്റേഷന്‍, മച്ചിങ്ങല്‍ വരെ യുജി കേബിള്‍ സ്ഥാപിക്കുന്നതിനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്ക് അംഗീകാരം നല്‍കി. മുണ്ടുപറമ്പില്‍ നഗരസഭയുടെ അനുമതിയില്ലാതെ ആരംഭിച്ച മദ്യശാലകള്‍ക്കെതിരേ നിയമ നടപടികള്‍ ഊര്‍ജിതമാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it