Kollam Local

കുടിവെള്ള ക്ഷാമം തുടങ്ങി; മുന്നൊരുക്കങ്ങള്‍ ഇല്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍

കൊട്ടാരക്കര:കടുത്ത ഉഷ്ണവും വേനല്‍ചൂടും അധീകരിച്ചതോടെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിത്തുടങ്ങി. ഗ്രാമങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമെല്ലാം വെള്ളത്തിന്റെ ദൗര്‍ല്യബ്യം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഇത് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയുംആരംഭിച്ചിട്ടില്ല. ഇക്കുറി കടുത്ത വേനലും ജല ദൗര്‍ലബ്യവും ഉണ്ടാകുമെന്നും വളരെ നേരത്തേ ഈ പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. ആഗോള താപനമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ ഈ മുന്നറിയിപ്പുകളൊന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ബാധകമല്ല. ഗ്രാമപ്രദേശങ്ങളിലെ ചിറകളും , കുളങ്ങളുമെല്ലാം വറ്റിതുടങ്ങിയിട്ടുണ്ട്. നീര്‍ച്ചാലുകള്‍  വരണ്ടു കഴിഞ്ഞു. പൊതുകിണറുകളിലേയും വീടുകളിലേയുമെല്ലാം ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റി വരണ്ടു കഴിഞ്ഞു. പൊതു കിണറുകളും കുളങ്ങളും ശുചിയാക്കുന്ന ജോലികള്‍ ഇപ്പോള്‍ ഒരുപഞ്ചായത്തും ചെയ്യുന്നില്ല. ചിലയിടങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന് ബോധ്യമുള്ള നാട്ടുകാര്‍ പൊതുകിണറുകളും കുളങ്ങളും സംഘം ചേര്‍ന്ന് വ്യത്തിയാക്കി വരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും നിര്‍മിച്ച ചെറുകിട കുടിവെള്ളപദ്ധതികളും കുഴല്‍കിണറുകളും ഇപ്പോള്‍ അധികവും ഉപയോഗ യോഗ്യമല്ല. ലക്ഷങ്ങള്‍ ചെലവഴിച്ച കുടിവെള്ള പദ്ധതികളില്‍ നിന്നും ഒരു വര്‍ഷംപോലും വെള്ളം ലഭിക്കാത്ത പദ്ധതികള്‍ പോലുമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനുമുമ്പ് ഇവയൊക്കെ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തനയോഗ്യമാക്കാനും നടപടികള്‍ ഇല്ല. കല്ലടപദ്ധതിയുടെ ഉപകനാലുകള്‍ വഴി വെള്ളം തുറന്നുവിടുമ്പോഴാണ് ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം ഏറെക്കുറെ പരിഹരിക്കപ്പെട്ടിരുന്നത്. ഇക്കുറി ഉപകനാലുകളുടെ ശുചീകരണജോലികള്‍ പോലും മിക്ക പഞ്ചായത്തുകളും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനാല്‍ വെള്ളം ഒഴുക്കി വിടുന്നതിന് കാലതാമസം ഉണ്ടായേക്കും. മുന്‍കാലങ്ങളില്‍ റവന്യു വകുപ്പും പഞ്ചായത്തുകളും ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നത് ജല ദൗര്‍ബല്യം കൊടുംപിരി കൊണ്ടതിനു ശേഷം മാത്രമായിരുന്നു. ഇക്കുറിയും അതു തന്നെ സംഭവിക്കാം. ഈ വകുപ്പുകളുടെ ഏകോപനമില്ലായ്മ ഖജാനാവിലും കോടികളുടെ നാശനഷ്ടം വരുത്തുകയും ചെയ്യും.
Next Story

RELATED STORIES

Share it