palakkad local

കുടിവെള്ളത്തിനായി നേട്ടോട്ടം; ജല കിയോസ്‌കുകള്‍ ശൂന്യം

മണ്ണാര്‍ക്കാട്: മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ജല കിയോസ്‌കുകള്‍ ശൂന്യം. ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി കഴിഞ്ഞ വര്‍ഷമാണ് ജല കിയോസ്‌കുകള്‍ സ്ഥാപിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള വാര്‍ഡുകളില്‍ രണ്ട് കിയോസ്‌കുകളും മറ്റുള്ളവയില്‍ ഒന്നു വിതവുമാണ് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം വേനല്‍ അവസാനത്തോടെ കിയോസ്‌കുകള്‍ സ്ഥാപിച്ചതിനാല്‍ പലയിടത്തും ഇതിന്റെഗുണം നാട്ടുകാര്‍ക്ക് ലഭിച്ചില്ല. ഈ വര്‍ഷമെങ്കിലും വെള്ളം എത്തിച്ച് നാട്ടുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച പല കിയോസ്‌കുകളും ദ്വാരം വീണും പൊട്ടിയും കേടായി. 14000 രൂപ വരെ മുടക്കിയാണ് കിയോസ്‌കുകളും അവ സ്ഥാപിക്കാനുള്ള ഇരുമ്പ് സ്റ്റാന്റുകളും വാര്‍ഡുകളില്‍ സ്ഥാപിച്ചത്. കുന്തിപ്പുഴയും നെല്ലിപ്പുഴയും മണ്ണാര്‍ക്കാടാണെങ്കിലും കുടിവെള്ളത്തിന് നെട്ടോട്ടം ഓടാനാണു മണ്ണാര്‍ക്കാട്ടുകാരുടെ വിധി.
കാഞ്ഞിരപ്പുഴ കനാല്‍ തെങ്കര പഞ്ചായത്തിലെ ചെറുംകുളം, തത്തേങ്ങലം, മേലാമുറി, മെഴുകുംപാറ മേഖലവരെയുണ്ടെങ്കിലും ഇതിന്റെ പ്രയോജനവും നാട്ടുകാര്‍ക്കില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ വറ്റിയ കിണറുകളില്‍ പലതും മാര്‍ച്ച് മധ്യത്തോടെ തന്നെ വരണ്ടുണങ്ങി. ഈ സാഹചര്യത്തില്‍ അടിയന്തരമായി കിയോസ്‌കുകളില്‍ വെള്ളം എത്തിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അട്ടപ്പാടിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില കിയോസ്‌കുകളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്ന് തഹസില്‍ദാര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഫില്‍റ്റര്‍ ചെയ്ത വെള്ളമാണ് എത്തിക്കുന്നത്.അട്ടപ്പാടിക്കു താഴെ കിയോസ്‌കുകളില്‍ വെള്ളം എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായം ഉടന്‍ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it