kozhikode local

കുടിവെള്ളക്ഷാമം രൂക്ഷം; പ്രത്യേക യോഗം ചേരും

വടകര: താലൂക്കിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഏപ്രില്‍ 10ന് വൈകീട്ട് 4 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേരാന്‍ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
ജനപ്രതിനിധികള്‍, റവന്യു, തദ്ദേശ സ്വയംഭരണം, ജലവിഭവം എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരും ഇതില്‍ പങ്കെടുക്കും. താലൂക്കില്‍ ജലക്ഷാമം രൂക്ഷമായതോടെ ഇതിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതായി യോഗത്തില്‍ വ്യാപക പരാതി ഉയര്‍ന്നു. വാട്ടര്‍ അതോറിറ്റി മുഖാന്തിരം നല്‍കുന്ന കുടിവെള്ള വിതരണം പലയിടത്തും പൈപ്പ് പൊട്ടിയും മറ്റും മുടങ്ങിക്കിടക്കുകയാണെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആക്ഷേപവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരുടെ യോഗം ചേരാന്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ വടകരയില്‍ അനുവദിച്ച റവന്യു ടവറും, റവന്യു ഡിവിഷണല്‍ ഓഫീസും യാഥാര്‍ത്ഥ്യമാക്കുമെന്ന് സികെ നാണു എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി. ഇത് സ്ഥാപിക്കുന്നത് സംബന്ധിച്ച് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എംഎല്‍എ ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. വടകര ഒവിസി തോടിനുള്ളിലെ ചളി നീക്കാന്‍ നഗരസഭ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ഹെല്‍ത്ത് വിഭാഗം അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. നഗരത്തിലെ പല ഭാഗത്ത് നിന്നും മലിന ജലം തോടിലേക്ക് കയറ്റി വിടുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
തലശേരി-മാഹി ബൈപാസ് അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉയര്‍ത്തുന്ന കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ പെടുത്താനും യോഗത്തില്‍ ധാരണയായി. വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്‍ഡ്‌ബേങ്ക്‌സില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാനുള്ള നടപടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി സ്വകാര്യ ബസുകളില്‍ അനുവദിച്ച സീറ്റ് കൃത്യമായി രേഖപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it