kozhikode local

കുഞ്ഞിപ്പള്ളി മേല്‍പ്പാലം എന്ന് തുറന്ന് കൊടുക്കും ?

വടകര: കുഞ്ഞിപ്പള്ളി റെയി ല്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി നിലച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് മേല്‍പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള നടപടി വൈകുന്നു. മേല്‍പാലത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ പണിനിലച്ചതാണ് ഇതിന് കാരണം.
ദേശീയപാതയ്ക്ക് സമീപമുള്ള ഭൂമിയില്‍ അപ്രോച്ച് റോഡ് പണിയുന്നത് സംബന്ധിച്ച് സ്വകാര്യ വ്യക്തിയുമായി തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് നടത്തിയ കൊയിലാണ്ടി റവന്യു ഓഫിസില്‍ സ്വകാര്യ വ്യക്തിയുമായുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. തര്‍ക്കം തീര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെയും, മേല്‍പ്പാലത്തിന്റെ മറ്റ് അനുബന്ധ പ്രവര്‍ത്തികളും തുടങ്ങിയിട്ടില്ല.
റെയില്‍വേ പാളത്തിന് മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അവസാനവട്ടം ജോലിയുടെ കരാറ് പ്രവര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് പ്രവൃത്തി നില്‍ക്കാന്‍ കാരണമായി പറയുന്നത്. 2014 ലായിരുന്നു നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ 2016  അവസാനത്തോടെ ദേശീയ പാത കടന്നുപോകുന്ന ഭാഗത്തെ സ്ഥലം മേല്‍പാലത്തിന് ലഭിക്കുന്നതിന് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് അവസാനഘട്ട പണി മുടങ്ങി.
സ്ഥലത്തിന്റെ തര്‍ക്കം പരിഹരിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. 11.75 കോടി രൂപ ചിലവാക്കി മേല്‍പ്പാലത്തിന്റെ റയില്‍വേ പാളത്തിന് മുകള്‍ ഭാഗമടക്കം പ്രധാനപ്പെട്ട തൊണ്ണൂറ് ശതമാനം പ്രവര്‍ത്തിയും പൂര്‍ത്തിയായിട്ടും അപ്പ്രോച്ച് റോഡിന്റെ പേരില്‍ പണി പാതിവഴിയില്‍ മുടങ്ങിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ ദേശീയ പാതയിലടക്കം രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായാണ് റെയില്‍ ബ്രിഡ്ജസ് ആന്‍ഡ് കോര്‍പ്പറേഷന്‍ മേല്‍പ്പാലം പണിയാന്‍ തീരുമാനിച്ചത്.
ദേശീയപാതയില്‍ നിന്ന് പാനൂര്‍. ഇരിട്ടി, ഓര്‍ക്കാട്ടേരി എന്നിവടങ്ങളിലേക്ക് പോകാന്‍ കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റ് അടക്കുമ്പോള്‍ മണിക്കൂറുകളോളമുള്ള ഗതാഗത തടസമാണ് നേരിടുന്നത്. ഗെയിറ്റ് അടക്കുമ്പോള്‍ കുഞ്ഞിപ്പള്ളി ടൗണടക്കം ഗതാഗത കുരുക്കില്‍ വീര്‍പ്പു മുട്ടുന്ന കാഴ്ചയാണ് കാണുന്നത്.
ഇത് സംബന്ധിച്ച് വ്യാപകമായ പരാതിയും നിവേദനങ്ങളും അയച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കിയത്. മുടങ്ങി നില്‍ക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അതേസമയം താലൂക്ക് വീകസന സമിതി യോഗങ്ങളിലും മറ്റും പാലത്തിന്റെ നിര്‍മാണം മുടങ്ങിയതുമായി ബന്ധപ്പെട്ട് പരാതി സ്ഥലം എംഎല്‍എ, എംപി എന്നിവരെ വിഷയം അറിയിച്ചിരുന്നു. യോഗത്തില്‍ പ്രവൃത്തി എത്രയും പെട്ടന്ന് ആരംഭിക്കാന്‍ റെയില്‍ അധികൃതരോട് അറിയിക്കുമെന്നായിരുന്നു സ്ഥലം എംഎല്‍എ അറിയിച്ചത്. എന്നാല്‍ മാസം കഴിഞ്ഞിട്ടും പ്രവൃത്തി മുടങ്ങിയതു പോലെ നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it