കുംഭകോണം സ്‌കൂള്‍ ദുരന്തം; ഇരകളെ വഞ്ചിച്ച അഭിഭാഷകന്‍ 50 ലക്ഷം നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കുംഭകോണത്ത് 2004ല്‍ നടന്ന സ്‌കൂള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ വഞ്ചിച്ച അഭിഭാഷകന്‍ 50 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് സുപ്രിംകോടതി. മൂന്നാഴ്ചയ്ക്കകം മദ്രാസ് ഹൈക്കോടതി മുമ്പാകെ തുക കെട്ടിവയ്ക്കണമെന്നാണ് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ സുപ്രിംകോടതിയിലെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്.
2004ല്‍ 94 കുട്ടികള്‍ മരിക്കാനും 18 വിദ്യാര്‍ഥികള്‍ക്കു സാരമായി പരിക്കേല്‍ക്കാനും കാരണമായ കുംഭകോണത്തെ ശ്രീകൃഷ്ണ സ്‌കൂള്‍ തീപ്പിടിത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരേ ഇരകളുടെ കുടുംബത്തിനു വേണ്ടി ഹാജരായ എസ് തമിളരസനോടാണ് ഇരകളുടെ കുടുംബങ്ങളെ വഞ്ചിച്ചതിനു 50 ലക്ഷം രൂപ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചത്. മദ്രാസ് ഹൈക്കോടതി ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇരകളുടെ അവകാശികള്‍ക്ക് അവരുടെ സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍, അഭിഭാഷകനായ തമിളരസന്‍ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി വെള്ള പേപ്പറുകളില്‍ ഒപ്പ് ഇടുവിച്ച് വാങ്ങുകയും തുടര്‍ന്ന് ഓരോ കുടുംബത്തിന്റെയും അക്കൗണ്ടില്‍ നിന്ന് 2,30,000 രൂപ വീതം അടിച്ചുമാറ്റുകയും ചെയ്തുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരത്തില്‍ 2000 കോടി രൂപയില്‍ അധികം തമിളരസന്റെയും കുടുംബത്തിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതായി കണ്ടെത്തി.
അഭിഭാഷകന്‍ നിയമവിരുദ്ധമായി ഇരകളുടെ കുടുംബത്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം തന്റെയും കുടുംബത്തിന്റെയും അക്കൗണ്ടിലേക്ക് മാറ്റിയതായി സിബിസി ഐഡി കണ്ടെത്തി. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്നതില്‍ നിന്ന് അദ്ദേഹത്തെ കോടതി വിലക്കി. ഇതിനെതിരേ തമിളരസന്‍ നല്‍കിയ പ്രത്യേക വിടുതല്‍ ഹരജിയിലാണു സുപ്രിംകോടതിയുടെ നടപടി.








Next Story

RELATED STORIES

Share it