കീഴാറ്റൂര്‍ സമരം: സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നു വി എം സുധീരന്‍

തളിപ്പറമ്പ്: കീഴാറ്റൂര്‍ വയല്‍ സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി മുന്നോട്ടുപോവുന്ന സര്‍ക്കാര്‍ പുനര്‍ വിചിന്തനത്തിനു തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ നടത്തിയ ബഹുജന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിട്ടത് സര്‍ക്കാരിന്റെ തത്ത്വദീക്ഷയില്ലാത്ത വികസന കാഴ്ചപ്പാടാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ജനവികാരം മാനിക്കണം. ജനപക്ഷത്തുനിന്ന് തീരുമാനങ്ങള്‍ എടുക്കണം. വിജയിക്കേണ്ട സമരമാണിത്. വിജയിക്കുന്ന സമരമാണിത്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രമാണു സിപിഎം ഇവിടെ പ്രയോഗിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നയങ്ങളാണിത്. സമരം കാണാന്‍ പോലും പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നല്‍കിയ നിര്‍ദേശം.
മഹാരാഷ്ട്രയിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ക്കായി സമരം നടത്തുകയും അവരോടൊപ്പം ചേരുകയും ചെയ്യുന്ന പാര്‍ട്ടി ഇവിടെ വയല്‍ നികത്താന്‍ വാശി കാണിക്കുകയാണ്. സമരങ്ങളോട് യോജിപ്പോ, വിയോജിപ്പോ ആവാം. പക്ഷേ, സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ദേശീയപാത ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് ആരും എതിരല്ല. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതികള്‍ നടപ്പാക്കാന്‍. മാറിമാറി വന്ന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച തെറ്റായ വികസന കാഴ്ചപ്പാടുകള്‍ക്കെതിരേ താന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്.
കീഴാറ്റൂരില്‍ പാരിസ്ഥിതികാഘാത പഠനം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിട്ടില്ല. കേരളത്തിന് അനുയോജ്യമായ നല്ല പാതകള്‍ തന്നെ വേണം. പക്ഷേ, പരിസ്ഥിതിയെ നശിപ്പിച്ചുള്ള വികസനം വേണ്ടെന്നും സുധീരന്‍ പറഞ്ഞു. രാവിലെ സുധീരനടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചു സമരക്കാരുമായി ചര്‍ച്ച നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബെഹനാന്‍ എന്നിവരാണു കൂടെയുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it