കീഴാറ്റൂരില്‍ സര്‍വകക്ഷി യോഗം വിളിക്കണം

തിരുവനന്തപുരം: വേങ്ങരയിലെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചതു പോലെ കീഴാറ്റൂരിലും പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിരമായി സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
കീഴാാറ്റൂരില്‍  നാഷനല്‍ ഹൈവേ ബൈപാസിന് വേണ്ടി ഫലഭൂയിഷ്ഠമായ നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍  ശ്രമത്തിനെതിരേ  വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തെ  അടിച്ചമര്‍ത്താനും അപഹസിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ സംഘടിത ശക്തി ഉപയോഗിച്ച് സമരത്തെ ഞെക്കിക്കൊല്ലാനും ശ്രമിക്കുന്നു.  ഇതിനെതിരേ സംസ്ഥാന വ്യാപകമായി ഉണര്‍ന്നിരിക്കുന്ന വികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. നാല് കിലോമീറ്ററോളം ദൂരത്തില്‍ 250 ഏക്കര്‍ നെല്‍വയലാണ് ബൈപാസ് വരുന്നതോടെ നശിച്ച് പോവുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സിപിഎം അനുബന്ധ സംഘടന പോലും  കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും ഈ  ഭൂമി ഏറ്റെടുത്തേ തീരൂ എന്ന ദുര്‍വാശിയിലാണ്  സര്‍ക്കാര്‍. കീഴാറ്റൂരില്‍ സമരംഗത്തുള്ള വയല്‍ക്കിളികളുമായും, അതോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷികളുമായും സംസാരിച്ച് എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഹാരമാര്‍ഗമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വേങ്ങരയിലെ എആര്‍ നഗറില്‍ നാഷനല്‍ ഹൈവേയുടെ സ്ഥലമെടുപ്പ് പ്രശ്‌നത്തില്‍ സമരം നടത്തിയ സാധാരണ ജനങ്ങളെ  കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ് നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്് ചെന്നിത്തല ഡിജിപിക്കു കത്ത് നല്‍കി. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ 11ന് സര്‍വകക്ഷി  യോഗം വിളിച്ചിരിക്കുകയാണ്. ഇതിനായി സമാധാനപരമായ  അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പോലിസ് നടപടികള്‍ നിര്‍ത്തി വയ്ക്കണം. അവിടെ ചില പോലിസ് ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് പ്രശ്‌നം ഇത്ര വഷളാക്കിയത്. പോലിസ് ഇപ്പോഴും വീടുകളില്‍ കയറി റെയ്ഡ് നടത്തുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. അവിടെ പോലിസ് അതിരുവിട്ട അക്രമമാണ് നടത്തിയത്.
കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ പ്രതിഷേധിച്ച  നിസ്സഹായരായ ജനങ്ങളെ പോലിസ് അക്രമിക്കുകയും വീടുകളില്‍ കയറി മര്‍ദിക്കുകയുമാണ് ചെയ്തത്. അവിടെ ഉണ്ടായ സംഭവങ്ങളില്‍  അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it