Flash News

കിടപ്പുമുറിയിലെ ടിവി കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കും

കിടപ്പുമുറിയിലെ ടിവി കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കും
X


ലണ്ടന്‍: കിടപ്പുമുറിയില്‍ ടെലിവിഷനുള്ള കുട്ടികള്‍ക്ക് പൊണ്ണത്തടിക്കുള്ള സാധ്യത കൂടുതലെന്ന് യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഗവേഷണഫലം. കുട്ടികള്‍ കൂടുതല്‍ നേരം കിടപ്പുമുറിയിലെ ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നത് പൊണ്ണത്തടിക്കു കാരണമാവുന്നതായി ഗവേഷണ റിപോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടികള്‍ക്കിടയിലാണ് ഇത്തരത്തില്‍ പൊണ്ണത്തടി സാധ്യത കൂടുതല്‍. ടെലിവിഷനു മുമ്പില്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നു. ബ്രിട്ടനിലെ 12,000ത്തിലധികം കുട്ടികളുമായി ബന്ധപ്പെട്ടു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ദ ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ഒബിസിറ്റിയിലാണ് പ്രസിദ്ധീകരിച്ചത്. നാലു വര്‍ഷം മുമ്പ് ആരംഭിച്ച പഠനത്തില്‍ ഏഴുവയസ്സുകാരായ കുട്ടികളില്‍ 50 ശതമാനത്തോളവും ടെലിവിഷനുള്ള കിടപ്പുമുറിയിലാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തിയിരുന്നു. എത്ര മണിക്കൂര്‍ കുട്ടികള്‍ ടെലിവിഷനു മുന്നില്‍ ചെലവഴിക്കുന്നുണ്ടെന്നും പഠനത്തിന്റെ ഭാഗമായി മാതാപിതാക്കളോട് അന്വേഷിച്ചിരുന്നു. പിന്നീട് ഈ കുട്ടികള്‍ക്ക് 11 വയസ്സായപ്പോള്‍ അവരുടെ ശരീരഭാര അനുപാതം പരിശോധിക്കുകയും ടെലിവിഷനുള്ള മുറികളില്‍ ഉറങ്ങുന്ന കുട്ടികള്‍ക്ക് അമിതഭാര സാധ്യത കൂടുതലുള്ളതായി കണ്ടെത്തുകയുമായിരുന്നു. മറ്റു കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ 30 ശതമാനവും ആണ്‍കുട്ടികള്‍ക്കിടയില്‍ 20 ശതമാനവും കൂടുതലാണ് ടെലിവിഷനുള്ള കിടപ്പുമുറി ഉപയോഗിക്കുമ്പോഴുള്ള അമിതഭാര സാധ്യത. കിടപ്പുമുറിയിലെ ടെലിവിഷന്‍ ഉപയോഗവും കുട്ടികള്‍ക്കിടയിലെ അമിത ഭാരവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം തെളിയിച്ചതായി ഗവേഷണസംഘാംഗമായ ഡോക്ടര്‍ ആന്‍ജ ഹെലിന്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it