Flash News

കാവേരി: കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതിന് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം.
കാവേരി മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അതിന്റെ സത്യസന്ധത ബോധ്യപ്പെടുത്തണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് കോടതി പറഞ്ഞു. ആറുമാസത്തിനകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ തമിഴ്‌നാട് നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതി കേന്ദ്രത്തെ വിമര്‍ശിച്ചത്.
ഒരുമാസത്തിനകം പദ്ധതിയുടെ കരട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയ ബെഞ്ച്, തങ്ങളുടെ നിര്‍ദേശം അനുസരിച്ചുള്ള വെള്ളം വിട്ടുനല്‍കണമെന്നും വ്യക്തമാക്കി. മെയ് മൂന്നിന് മുമ്പ് പദ്ധതിയുടെ കരട് രൂപരേഖ സമര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവേരി പദ്ധതി തയ്യാറാക്കുന്നതിന് കര്‍ണാടക തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 12ന് ശേഷം മൂന്നു മാസം അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സുപ്രിംകോടതി എല്ലായ്‌പ്പോഴും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ ഈ വിഷയമാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്നും കോടതി പറഞ്ഞു. വിഷയം തങ്ങളുടെ മുമ്പാകെയാണെന്നും ജനങ്ങളോട് സഹകരിക്കണമെന്നും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളോട് പറയണമെന്നും കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. ഞങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ഇതിന് തമിഴ്‌നാടിന്റെ അഭിഭാഷകരുടെ മറുപടി.
ഫെബ്രുവരി 16ലെ സുപ്രിംകോടതി ഉത്തരവ് വളരെ വ്യക്തമാണ്. പ്രാഥമിക ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും ഈ ഉത്തരവ് മനസ്സിലാവും. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പറയുന്നത് അവര്‍ക്ക് ഉത്തരവ് വ്യക്തമായില്ലെന്നാണ്. ഇത് എന്തുകൊണ്ടാണെന്നും തമിഴ്‌നാടിനു വേണ്ടി ഹാജരായ ശേഖര്‍ നഫാഡെ ചോദിച്ചു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡിന്റെ ഘടനയെ കുറിച്ച് കോടതി വ്യക്തത വരുത്തണമെന്ന് കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍, എല്ലായ്‌പ്പോഴും കോടതിക്ക് മേല്‍നോട്ടം വഹിക്കാനാവില്ലെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മറുപടി.
Next Story

RELATED STORIES

Share it