കാവേരി: കേന്ദ്രത്തിനെതിരായ കോടതിയലക്ഷ്യ കേസ് ഒമ്പതിന്

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ടു ഫെബ്രുവരി 16ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരേ തമിഴ്‌നാട് നല്‍കിയ കോടതിയലക്ഷ്യ ഹരജി സുപ്രിംകോടതി ഈ മാസം ഒമ്പതിന് പരിഗണിക്കും.
ഇന്നലെ, അടിയന്തരമായ മെന്‍ഷന്‍ ഹരജിയില്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചത്. തമിഴ്‌നാടിന് അനുവദിച്ച കാവേരി ജലം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നു കോടതി ഉറപ്പ് വരുത്തുമെന്ന് ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് വാക്കാല്‍ ഉറപ്പു നല്‍കി.
തമിഴ്‌നാട്, കര്‍ണാടക, കേരള, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ക്ക് കാവേരി നദീജലം അനുവദിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കണമെന്നായിരുന്നു 16ലെ വിധി. ഉത്തരവിലെ 'പദ്ധതി' എന്ന പദം കൊണ്ട് കോടതി അര്‍ഥമാക്കിയത് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് മാത്രമല്ലെന്നും ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ജലം ലഭ്യമാക്കുന്നത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടര്‍ന്ന്, കേസില്‍ ഏപ്രില്‍ ഒമ്പതിന് വാദം കേള്‍ക്കാന്‍ കോടതി നിശ്ചയിച്ചു.
തമിഴ്‌നാട്ടിലെ കര്‍ഷകരുടെ താല്‍പര്യവും സംസ്ഥാനത്തിന്റെ വിശാലമായ താല്‍പര്യവും സംരക്ഷിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്നു തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. സംസ്ഥാനങ്ങള്‍ക്ക് നദീജലം അനുവദിക്കുന്നതിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ആറാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കണമെന്നു 16ലെ അന്തിമവിധിയില്‍ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിശ്ചയിച്ച കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നും ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടിയത്. കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹ, കേന്ദ്ര ജലവിഭവ സെക്രട്ടറി യു പി സിങ് എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it