Flash News

കാലിക്കറ്റ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റ്‌ : സര്‍ക്കാരും ഇടത്സര്‍വീസ് സംഘടനകളും ഭിന്നതയില്‍



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് നിലവില്‍ വരാതെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ അനുവദിക്കുകയില്ലെന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ തീരുമാനത്തോട് സര്‍ക്കാരിന് വിയോജിപ്പ്. സെനറ്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതിനാലാണ് നിയമപരമായി സര്‍ക്കാര്‍ നോമിനേറ്റഡ് രൂപീകരിക്കാന്‍ തയ്യാറാവാത്തത്. കഴിഞ്ഞ സപ്തംബര്‍ 29ന് കാലാവധി കഴിഞ്ഞ സിന്‍ഡിക്കേറ്റിന് പുതിയ സെനറ്റ് സിന്‍ഡിക്കേറ്റ് രൂപീകരിക്കുന്നതുവരെ തുടരാന്‍ നിയമപരമായി അധികാരമുണ്ട്. ഇതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാതിരിക്കുന്നത്. രണ്ടു മാസത്തിലൊരിക്കല്‍ സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്നാണ് വ്യവസ്ഥ. ഈ മാസം 18ന് യോഗം ചേരുമെന്നാണ്  വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നത്. രണ്ടു മാസത്തോളമായിട്ടും സര്‍ക്കാര്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാലാണ് ഈമാസം 18ന് കാലിക്കറ്റില്‍ സിന്‍ഡിക്കേറ്റ് യോഗം നടത്താനുള്ള നീക്കം. വിദേശത്തുള്ള വൈസ് ചാന്‍സലറും പ്രോ-വൈസ് ചാന്‍സലറും 16ന് തിരിച്ചെത്തിയാല്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതിന് അന്തിമ തീരുമാനമെടുത്ത് അംഗങ്ങളെ അറിയിക്കും. തിയ്യതി പ്രഖ്യാപിച്ചാല്‍ യോഗത്തിന് പോലിസ് സംരക്ഷണം തേടി കോടതിയെ സമീപിക്കാന്‍ യുഡിഎഫ് സിന്‍ഡിക്കേറ്റംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത സെനറ്റ്-സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പു വരെ ഇപ്പോഴുള്ള സിന്‍ഡിക്കേറ്റ് തുടരുന്നതിന് സര്‍വകലാശാലകളുടെ പരമാധികാരിയായ ചാന്‍സലറും അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it