കാലിക്കച്ചവടക്കാരുടെ വധം പാര്‍ലമെന്ററി സമിതി രൂപീകരിക്കണം: പ്രതിപക്ഷം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊലപാതകത്തിന്റേയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
കന്നുകാലി കച്ചവടക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന ജാര്‍ഖണ്ഡ് സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, എസ്പി, സിപിഎം, ജെഡിയു അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. ജെഡിയു അംഗം ഗുലാം റസൂല്‍ ബല്‍യാവിയാണ് ശൂന്യവേളയില്‍ വിഷയം ഉന്നയിച്ചത്.
കൊലപാതകം നടന്നിട്ട് രണ്ടു മാസം പിന്നിട്ടിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ന്യൂനപക്ഷങ്ങള്‍ ഭയപ്പെട്ടാണ് അവിടെ ജീവിക്കുന്നത്-ബല്‍യാവി പറഞ്ഞു.
സംഭവത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനു ജാര്‍ഖണ്ഡ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തയക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ലയും പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിക്കു രണ്ടു കത്തയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഗുലാം നബി ആരോപിച്ചു.
സംഭവം നടന്നിട്ടു രണ്ടു മാസമായെന്നും എന്നാല്‍, അന്വേഷണം നടത്തുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹിബത്തുല്ല ഇപ്പോഴാണു പറയുന്നതെന്നും സിപിഎം അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
Next Story

RELATED STORIES

Share it