kozhikode local

കാലാവധി കഴിഞ്ഞിട്ടും മാറ്റിയില്ല; വാണിമേലില്‍ പൈപ്പ്‌പൊട്ടല്‍ തുടര്‍ക്കഥ

വാണിമേല്‍: കാലാവധി കഴിഞ്ഞ പൈപ്പുകള്‍ മാറ്റാന്‍ ഫണ്ടനുവദിച്ച് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പൈപ്പുമാറ്റാത്തതിനാല്‍ വാണിമേലില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ. വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിയും തമ്മില്‍ നടക്കുന്ന ശീതസമരമാണ് പണി നടക്കാന്‍ തടസ്സമെന്നറിയുന്നു. വാണിമേല്‍ പാക്കോയി കുടിവെള്ള പദ്ധതിയുടെ പമ്പ് മാറ്റാനാണ് കഴിഞ്ഞ ഒന്നര വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ അനുവദിച്ചത്.
പുതുതായി സ്ഥാപിക്കാനുള്ള പിവിസി പൈപ്പും എത്തിച്ചിട്ടുണ്ട്. എന്നാല്‍ പണി നടത്താതെ ഒന്നര വര്‍ഷമായി പിവിസി പൈപ്പ് വാണിമേലിലെ വിവിധയിടങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.  വാണിമേലിലെ വിവിധയിടങ്ങളിലായി ഭൂമി കുഴിച്ച്  പൈപ്പിട്ട മൂടാന്‍ വാട്ടര്‍ അതോറിറ്റി ടെണ്ടറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പിഡബ്ല്യുഡിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ റോഡ് കീറുന്നതിനുള്ള നിരക്കിനെച്ചൊല്ലി നിലനില്‍ക്കുന്ന തര്‍ക്കം മൂലമാണ് പണി നടത്താന്‍ കഴിയാത്തത് എന്നാണ് വിവരം.
വാണിമേലില വിവിധ റോഡുകള്‍ കീറി പൈപ്പിടാന്‍ പതിനെട്ട് ലക്ഷം രൂപയാണത്രെ പിഡബ്ല്യൂഡി ആവശ്യപ്പെടുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം അഞ്ച് ലക്ഷം രൂപ മാത്രമാണ് റോഡ് കീറി പൈപ്പിടാന്‍ പിഡബ്ല്യുഡിക്ക് നല്‍കേണ്ടതുള്ളൂ. രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഇത്രയും വലിയ അന്തരം വന്നത് മൂലം പണി നടത്താനാവാതെ പ്രയാസപ്പെടുകയാണ്  കരാറുകാരന്‍. വാണിമേലില ജല ഉപഭോക്താക്കളുടെ സംഘടന നാദാപുരം എംഎല്‍എയെകണ്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
രണ്ട് വകുപ്പിലെയും ഉദ്യാഗസ്ഥരെ ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഉപഭോക്തൃ സംഘടനാ നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it