ernakulam local

കാലവര്‍ഷം: മൂവാറ്റുപുഴയില്‍ പൊതുമരാമത്ത് വകുപ്പിന് മാത്രം മൂന്ന് കോടി രൂപയുടെ നഷ്ടം

മൂവാറ്റുപുഴ: കാലവര്‍ഷം കലി തുള്ളിയ മൂവാറ്റുപുഴയില്‍ പൊതുമരാമത്ത് വകുപ്പിന് മാത്രം മൂന്ന് കോടി രൂപയുടെ നഷ്ടം. കാല വര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റോഡുകളുടേയും നാഷണല്‍ ഹൈവേ അതോറിറ്റിക്കു കീഴിലുള്ള റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ക്ക് മൂന്നു കോടി രൂപ ആവശ്യമായി വരുമെന്നാണ് പൊതുമരാമത്തിന്റെ പ്രാഥമിക കണക്കെടുപ്പ്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരുവംമൂഴി മുതല്‍ കക്കടാശ്ശേരി വരെ അറ്റകുറ്റപ്പണിക്ക് മാത്രം 50 ലക്ഷം രൂപയോളം വേണ്ടി വരും. എംസി റോഡിലെ മണ്ണൂര്‍ മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗത്തെ അറ്റകുറ്റപണിക്കും 50 ലക്ഷം രൂപയോളം ചെലവുവരും.
ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡുകളില്‍ ബിഎംബിസി ടാറിങ്ങാണ് പല സ്ഥലത്തും മഴയെ തുടര്‍ന്ന് തകര്‍ന്നിരിക്കുന്നത്. ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിന് ഭീമമായ സംഖ്യ ചെലവു വരുന്നതാണ്. ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മൂവാറ്റുപുഴ തൊടുപുഴ റോഡ്, മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി റോഡ്, വാളിയപ്പാടം മാറാടി റോഡ്, വാളകം മണ്ണൂര്‍റോഡ്, കുമാരമംഗലം കല്ലൂര്‍ക്കാട് റോഡ്, കലൂര്‍ ചര്‍ച്ച് റോഡ്, നീറുംമ്പുഴ കല്ലൂര്‍ക്കാട് റോഡ്, വാഴക്കുളം കോതമംഗലം റോഡ്, വെങ്ങല്ലൂര്‍ ഊന്നുകല്ല് റോഡ്, ചാത്തമറ്റം മുള്ളിരിങ്ങാട് റോഡ്, മൂവാറ്റുപുഴ കാളിയാര്‍ റോഡ്, തുടങ്ങിയ റോഡുകളെല്ലാം തന്നെ കാലവര്‍ഷ ക്കെടുതിയെ തുടര്‍ന്ന് സഞ്ചാരയോഗ്യ മല്ലാതായിരിക്കുകയാണ്. നിയോജക മണ്ഡലത്തില്‍ പൊതുമരാമത്തു വകുപ്പിനു കീഴില്‍ 450 കിലോമീറ്റര്‍ റോഡാണുള്ളത്. ഇതില്‍ 200 കിലോമീറ്ററും തകര്‍ന്ന നിലയിലാണ്.
എംസി റോഡിലെ മൂവാറ്റുപുഴ നെഹ്രുപാര്‍ക്ക്, വെള്ളൂര്‍ക്കുന്നം ജങ്ഷന്‍ ഭാഗത്ത് ടൈല്‍ ഇടുന്നതിന് നാഷണ ഹൈവേ അതോററ്റി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
പുളിഞ്ചോട് ജങ്ഷനില്‍ മത്സ്യ മാര്‍ക്കറ്റിനു സമീപവും റോഡ് തുടര്‍ച്ചയായി തകരുന്നതിനാല്‍ ടൈല്‍ ഇടുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. എംസി റോഡിലെ പെരുമ്പാവൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ നവീകരണത്തിന് 15 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി ഇത് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും നടന്നുവരുന്നു. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.
Next Story

RELATED STORIES

Share it