kannur local

കാലവര്‍ഷം: അപകടമേഖലകളില്‍ മുന്‍കരുതല്‍ നിര്‍ദേശം

കണ്ണൂര്‍: ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള കാലവര്‍ഷക്കെടുതികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശം നല്‍കി.
ഇത്തരം സ്ഥലങ്ങളില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം ചേര്‍ന്ന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. ദുരന്തനിവാരണത്തിന് സാങ്കേതികത്വം തടസ്സമാവരുതെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണം ഫെബ്രുവരി അവസാനത്തോടെ തന്നെ പൂര്‍ത്തീകരിക്കാനാവുന്ന വിധത്തില്‍ സമയബന്ധിതമായി പുരോഗതി വിലയിരുത്തണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരുകയും പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോവാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഈ വര്‍ഷം സ്പില്‍ ഓവര്‍ പദ്ധതികളുണ്ടാവരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനനുസൃതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത്, തളിപ്പറമ്പ്, പേരാവൂര്‍, ഇരിട്ടി, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, പാനൂര്‍ നഗരസഭ, 22 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതി ഭേദഗതികള്‍ക്ക് ഡി.പിസി യോഗം അംഗീകാരം നല്‍കി.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നു നിര്‍ദേശം നല്‍കി. കണ്ണൂര്‍ കോര്‍പറേഷന്‍ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് ദിവസം കഴിയുന്തോറും ഫഌക്‌സ് ബോര്‍ഡുകള്‍ അധികരിച്ചുവരികയാണ്. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്‍കുകയും അവ എടുത്തുമാറ്റാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും വേണം.
രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി വ്യവസായികളും ഇക്കാര്യത്തില്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും കെ വി സുമേഷ് അഭിപ്രായപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it