Flash News

കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം : സ്വയംഭരണം റദ്ദാക്കാന്‍ മടിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി



മാഡ്രിഡ്/ ബാഴ്‌സിലോന: സ്വാതന്ത്ര്യ പ്രഖ്യാപനവുമായി കാറ്റലോണിയ മുന്നോട്ടുപോയാല്‍ അവരുടെ സ്വയംഭരണ പദവി എടുത്തുമാറ്റാന്‍ ഭരണഘടനാപരമായ അധികാരമുപയോഗിക്കാന്‍ മടിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റാജോയ്. സ്പാനിഷ് ഭരണഘടനയുടെ 155ാം വകുപ്പ് പ്രകാരം കാറ്റലോണിയ സര്‍ക്കാരിനെ പിരിച്ചുവിടുമോ എന്ന് റാജോയ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ഇത്തരമൊരു സാധ്യത തള്ളിക്കളയില്ലെന്ന് എല്‍പാസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ റാജോയ് പറഞ്ഞു. 40,000ഓളം അധിക പോലിസുകാരെ കാറ്റലോണിയയിലേക്ക് അയച്ചിട്ടുണ്ട്്. കാറ്റലോണിയ പ്രശ്‌നം അവസാനിക്കുന്നതുവരെ  പോലിസുകാര്‍ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ മാസം ഒന്നിനു നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയ്ക്കിടെയുണ്ടായ പോലിസ് ഇടപെടലില്‍ 900ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കാറ്റലോണിയയുടെ സ്വാതന്ത്ര്യനീക്കം 1978ലെ ഭരണഘടനാ ചട്ടങ്ങള്‍ പ്രകാരം നിയമവിരുദ്ധമാണെന്ന് സ്പാനിഷ് സര്‍ക്കാര്‍ പറയുന്നു. കാറ്റലോണിയ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാഴ്‌സിലോനയിലും മാഡ്രിഡ് അടക്കമുള്ള സ്പാനിഷ് നഗരങ്ങളിലും റാലികള്‍ നടന്നിരുന്നു. കാറ്റലോണിയ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കു തയ്യാറാവാത്ത സ്പാനിഷ് സര്‍ക്കാരിന്റെ നിലപാടിനെ പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചിരുന്നു. ചര്‍ച്ചകളിലൂടെയാണ് ഈ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ ഫലപ്രദമാവില്ലെന്നും റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കാറ്റലോണിയ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ വേണ്ടെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്. സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ കാറ്റലോണിയ അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കു തയ്യാറാവൂവെന്ന് റാജോയ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ചര്‍ച്ചകളോടും മധ്യസ്ഥ ശ്രമങ്ങളോടും തുറന്ന നിലപാടാണെന്ന് കാറ്റലോണിയന്‍ നേതാവ് കാള്‍സ് പ്വിഗ്‌ദെമോന്ദ് അറിയിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം സംബന്ധിച്ച് ഇന്നോ നാളെയോ കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ യൂനിയനിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് സ്‌പെയിന്‍. കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാല്‍ സ്‌പെയിനിന്റെയും യൂറോപ്യന്‍ യൂനിയന്റെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നും നാളെയുമായി ബ്രസല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്ത് ചേരുന്ന യൂറോപ്യന്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. അതേസമയം, കാറ്റലോണിയന്‍ തലസ്ഥാനമായ ബാഴ്‌സിലോനയില്‍ സ്വാതന്ത്ര്യപ്രഖ്യാപന നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി നടന്നു. കാറ്റലോണിയ സ്‌പെയിനിന്റെ ഭാഗമാണെന്ന് റാലിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it